ലോകകപ്പ് വേദിയില്‍ മെക്സിക്കോയുടെ വിജയക്കുതിപ്പിനൊപ്പം ഗാലറിയിലും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് മുൻ മേയറായ സാന്ദ്ര ക്യൂവാസ്. ക്വാഹ്ടെമോക് നഗരസഭയുടെ മുൻ മേയറായ സാന്ദ്ര, ടീമിനെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തിയതോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചർച്ചയായത്. സാന്ദ്രയുടെ വസ്ത്രധാരണമാണ് ചർച്ചകളില്‍ നിറയുന്നത്.ദക്ഷിണാഫ്രിക്കയ്ക്കും ദക്ഷിണ കൊറിയയ്ക്കുമെതിരായ വിജയങ്ങള്‍ക്ക് പിന്നാലെ മെക്സിക്കോയില്‍ ഫുട്ബോള്‍ ആവേശം ഉയരുമ്പോള്‍, സാന്ദ്രയുടെ ഗ്ലാമറസ് വസ്ത്രധാരണവും വാർത്തകളില്‍ ഇടംപിടിച്ചു.
രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇത്തരമൊരു വസ്ത്രധാരണം ഉചിതമല്ലെന്ന് ചിലർ വിമർശിച്ചപ്പോള്‍, ആരാധകരില്‍ വലിയൊരു വിഭാഗം പിന്തുണയുമായും രംഗത്തെത്തി. “ചിലർ ഇതിനെ മോശമായി കാണാം. പക്ഷേ മെക്സിക്കൻ ജനതയുടെ സ്വഭാവവും ആഘോഷരീതിയും ഇതാണ്,” എന്നായിരുന്നു 40-കാരിയായ സാന്ദ്രയുടെ പ്രതികരണം.1986-ല്‍ മെക്സിക്കോയില്‍ നടന്ന ലോകകപ്പിനിടെ ‘ചിക്വിറ്റിബം’ എന്ന പേരില്‍ ലോകശ്രദ്ധ നേടിയ മോഡല്‍ മാർ കാസ്ട്രോയുമായി വരെ സാന്ദ്രയെ ചില ആരാധകർ താരതമ്യം ചെയ്തു.
രാഷ്ട്രീയ പ്രവർത്തക മാത്രമല്ല, സംരംഭക കൂടിയായ സാന്ദ്ര ക്യൂവാസ് വിവാദങ്ങളും ജനശ്രദ്ധയും ഒരുപോലെ പിന്തുടരുന്ന വ്യക്തിത്വമായാണ് അറിയപ്പെടുന്നത്. ലോകകപ്പ് ആഘോഷങ്ങള്‍ക്കിടെ വീണ്ടും അവർ വാർത്തകളിലെ പ്രധാന മുഖമായി മാറിയിരിക്കുകയാണ്. 1986 മേയ് 25ന് മെക്സിക്കോ സിറ്റിയില്‍ ജനിച്ച സാന്ദ്ര ക്യൂവാസ്, യൂണിവേഴ്സിഡാഡ് ഡെല്‍ വാലെ ഡി മെക്സിക്കോയില്‍ നിന്ന് ഇന്റർനാഷനല്‍ കൊമേഴ്സില്‍ ബിരുദം നേടി. പിന്നീട് സാമ്പത്തികശാസ്ത്രത്തിലും നിയമത്തിലും ഉന്നത പഠനം നടത്തി. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബിസിനസിലും സാമൂഹിക, സാംസ്കാരിക പദ്ധതികളിലും സജീവമായിരുന്നു.
2021ല്‍ മെക്സിക്കോ സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരസഭകളിലൊന്നായ ക്വാഹ്ടെമോക്കില്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സാന്ദ്ര ദേശീയതലത്തില്‍ ശ്രദ്ധേയയാകുന്നത്. തലസ്ഥാനത്തെ ചരിത്രപരവും സാമ്പത്തികവുമായ നിരവധി കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖലയുടെ മേയർ പദവി രാജ്യത്തെ ഏറ്റവും പ്രമുഖമായ പ്രാദേശിക ഭരണ സ്ഥാനങ്ങളിലൊന്നാണ്.ഭരണകക്ഷിയായ മൊറേന പാർട്ടിയുടെ സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തി, പ്രതിപക്ഷ സഖ്യമായ പിആർഡി, പാൻ, പിആർഐ എന്നിവയുടെ പിന്തുണയോടെയാണ് അവർ തിരഞ്ഞെടുക്കപ്പെട്ടത്.2021 മുതല്‍ 2024 വരെയുള്ള ഭരണകാലത്ത്, മെക്സിക്കോയില്‍ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പ്രാദേശിക രാഷ്ട്രീയക്കാരില്‍ ഒരാളായി ക്യൂവാസ് മാറി. പൊതു സുരക്ഷ, നഗര സൗന്ദര്യവല്‍ക്കരണം തുടങ്ങിയ കാര്യങ്ങളില്‍ അവർ അനുയായികളുടെ പ്രശംസ പിടിച്ചുപറ്റി.
എന്നാല്‍, ഏറ്റുമുട്ടല്‍ സ്വഭാവവും പ്രചാരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയവുമാണ് സാന്ദ്രയുടേതെന്ന് വിമർശകർ ആരോപിച്ചു. രാഷ്ട്രീയ എതിരാളികളുമായുള്ള തർക്കങ്ങള്‍, ചില പൊതുനയങ്ങളുടെ പേരിലുള്ള വിമർശനങ്ങള്‍ എന്നിവ കാരണം അവരുടെ ഭരണകാലം മിക്കപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞിരുന്നു.2022ല്‍ അധികാര ദുർവിനിയോഗം ഉള്‍പ്പെടെ ആരോപണങ്ങളെത്തുടർന്ന് അവരെ താല്‍ക്കാലികമായി പദവിയില്‍ നിന്ന് നീക്കി. പിന്നീട്, നിയമപരമായ ഒത്തുതീർപ്പുകള്‍ക്കുശേഷം അവർ സ്ഥാനത്തേക്ക് മടങ്ങിയെത്തി. 2024ല്‍, സിറ്റിസണ്‍സ് മൂവ്‌മെന്റ് പാർട്ടിയുടെ ബാനറില്‍ മെക്സിക്കൻ സെനറ്റിലേക്ക് മത്സരിക്കുന്നതിനായി ക്യൂവാസ് മേയർ സ്ഥാനം ഒഴിഞ്ഞു, എന്നാല്‍ പരാജയപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം, പരമ്പരാഗത രാഷ്ട്രീയ പാർട്ടികളില്‍ നിന്ന് അകന്നുനില്‍ക്കുകയും സ്വന്തമായി പുതിയ രാഷ്ട്രീയ, പൗര സംഘടനകളെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ, ഒരു ആർട്ട് ഗാലറി നടത്തിപ്പ് ഉള്‍പ്പെടെ ബിസിനസ്, ജീവകാരുണ്യ, കലാ രംഗങ്ങളിലും അവർ താല്‍പര്യം നിലനിർത്തുന്നു. മെക്സിക്കൻ പൊതുജീവിതത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്തിത്വമായി സാന്ദ്ര ക്യൂവാസ് തുടരുകയാണ്. തുറന്നടിച്ചുള്ള സംസാര രീതി, മാധ്യമശ്രദ്ധ, എതിരാളികളെയും മിത്രങ്ങളെയും ഒരുപോലെ വെല്ലുവിളിക്കാനുള്ള സന്നദ്ധത എന്നിവ സാന്ദ്രയുടെ പ്രത്യേകതകളാണ്.

















