റദ്ദാക്കപ്പെട്ട ആറന്മുള വിമാനത്താവള പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നുവെന്ന തരത്തില്‍ നടക്കുന്ന ചർച്ചകള്‍ വാസ്തവമല്ലെന്ന് ആറന്മുള എംഎല്‍എ അബിൻ വർക്കി.പദ്ധതി പ്രദേശത്ത് ഭൂവുടമ എബ്രഹാം കലമണ്ണില്‍ നടത്തുന്ന നീക്കങ്ങളുമായി സർക്കാരിന് യാതൊരുവിധ ബന്ധവുമില്ലെന്ന് അബിൻ വർക്കി വ്യക്തമാക്കി. താൻ വിമാനത്താവളത്തിന് എതിരല്ലെന്നും, നല്ല പദ്ധതി വന്നാല്‍ പിന്താങ്ങുമെന്നും പറഞ്ഞ എംഎല്‍എ പാരിസ്ഥിതികാഘാത പഠനം കൃത്യമായി നടത്തിയ ശേഷമേ പദ്ധതിയെക്കുറിച്ച് ആലോചിക്കൂ എന്നും, ഇപ്പോള്‍ നടക്കുന്ന തരത്തിലെ പഠനങ്ങളല്ല അല്ല വേണ്ടത് എന്നും പ്രതികരിച്ചു.
അതേസമയം, ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സർക്കാർ തലത്തില്‍ തീരുമാനങ്ങളൊന്നുമില്ലെന്ന് മന്ത്രി റോജി എം ജോണും വ്യക്തമാക്കി.പദ്ധതിയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സ്വകാര്യ വ്യക്തി ഡ്രോണ്‍ പറത്തിയതില്‍ സർക്കാർ ഉത്തരവാദിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കഴിഞ്ഞ ദിവസം സ്ഥലം ഉടമ എബ്രഹാം കലമണ്ണില്‍ ഡ്രോണ്‍ സർവേ നടത്തിയിരുന്നു. തന്റെ കൈവശം 400 ഏക്കർ ഉണ്ടെന്നും സർവ്വേക്കായി സ്വകാര്യ കമ്പനി വീണ്ടും എത്തുമെന്നും ഭൂവുടമ പ്രതികരിച്ചിരുന്നു. ആയിരം ഏക്കർ കൂടി ലഭിച്ചാല്‍ പദ്ധതി നടപ്പാക്കാനാകും. പദ്ധതിക്കായി യുഡിഎഫ് സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അബിൻ വർക്കിയും ആൻ്റോ ആൻറണിയും ഒപ്പമുണ്ടെന്നും എബ്രഹാം കലമണ്ണില്‍ പറഞനിരുന്നു. പദ്ധതി സമർപ്പിച്ചാല്‍ നിലവിലെ മിച്ചഭൂമി ഒഴിവാകും. ഹൈക്കോടതിയിലെ കേസ് അവസാനിക്കുമെന്നും അബിൻ വർക്കിയും ആൻ്റോ ആൻ്റണിയും ഒപ്പമുണ്ടെന്നും കലമണ്ണില്‍ ആൻ പറഞ്ഞിരുന്നു.
ആറന്മുള വിമാനത്താവള പദ്ധതി പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പുകളെത്തുടർന്ന് റദ്ദാക്കപ്പെട്ടിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വൻ ജനകീയ പ്രക്ഷോഭം നേരിട്ട പദ്ധതിയാണിത്. നെല്‍വയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കുന്നുവെന്ന കാരണത്താല്‍ ഹരിത ട്രൈബ്യൂണലും സുപ്രീംകോടതിയും 2014 ല്‍ പദ്ധതി തള്ളിക്കളയുകയും, പിന്നീട് സർക്കാർ അനുമതി പിൻവലിക്കുകയും ചെയ്തു. എന്നാല്‍, യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതോടെ ഒരിടവേളയ്ക്ക് ശേഷം പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ചർച്ച.















