യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനം പാലക്കാട് എംഎൽഎ രാഹുൽ മങ്കൂട്ടത്തിൽ ഒഴിയുന്നതായി റിപ്പോർട്ടുകൾ. പാലക്കാട് നിന്നുള്ള എംഎൽഎ ആയതോടെ സംഘടനാ തിരക്കുകളും, പൊതുതിരക്കുകളും, മണ്ഡലത്തിലെ കാര്യങ്ങളും ഒരുപോലെ ഫലപ്രദമായി കൈകാര്യം ചെയ്യുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഇത്തരം ഒരു തീരുമാനത്തിന് പിന്നിലെന്നാണ് അറിവ്.
തിരുവനന്തപുരത്തിനും, സ്വന്തം നാടായ ആറന്മുളയ്ക്കും, സ്വന്തം മണ്ഡലമായ പാലക്കാടിനും ഇടയിലുള്ള ഓട്ടത്തിനിടയ്ക്ക് യൂത്ത് കോൺഗ്രസിന് ശ്രദ്ധിക്കുക അദ്ദേഹത്തിന് വേണ്ടത്ര സമയം കിട്ടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം അഖിലേന്ത്യ കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ഉദയഭാനു ചിമ്പൂ ചുമതലയേറ്റത്തോടെ അഖിലേന്ത്യാ കമ്മറ്റിയുംപുനസംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. കേരളത്തിൽ നിന്നും അഖിലേന്ത്യാ കമ്മറ്റിയുടെ ഭാരവാഹിയായി മുൻ കെഎസ് യൂ സംസ്ഥാന പ്രസിഡണ്ടും നിലവിലെ എൻ എസ് യു ഐ ദേശീയ സെക്രട്ടറിയുമായ കെ എം അഭിജിത്ത് നിലവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി എന്നിവരുടെ പേരുകളാണ് ഇപ്പോൾ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഉയർന്നു കേൾക്കുന്നത്.
എന്നാൽ നിലവിലെ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയെ ഓർത്തഡോക്സ് വിഭാഗത്തിന് മുൻതൂക്കമുള്ള ആറന്മുള മണ്ഡലത്തിൽ മത്സരിപ്പിക്കാൻ നേതൃത്വം പരിഗണിക്കുന്നുണ്ട്. പരിപാടികളിൽ ആറന്മുളയിലെ പാർട്ടി അബിൻ വർക്കിയെ കൂടുതലായി പങ്കെടുപ്പിക്കുന്നുണ്ട്. അതിനാൽ അബിൻ വർക്കിയേക്കാൾ പ്രാമുഖ്യം കെഎം അഭിജിത്തിൻറെ പേരിനു തന്നെയാണ് ലഭിക്കുന്നത്. അങ്ങനെ വന്നാൽ അഭിജിത്ത് അടുത്ത തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.
ഇതോടൊപ്പം തന്നെ യൂത്ത് കോൺഗ്രസിൻറെ അഖിലേന്ത്യാ കമ്മിറ്റി പുന സംഘടനാ ചർച്ചയും സജീവമായി. കേരളത്തിൽ നിന്നും സംസ്ഥാന ഉപാധ്യക്ഷൻ ജിൻഷാദ് ജിന്നാസ്, വനിത വൈസ് പ്രസിഡണ്ട് കെ ബി ഷിബിന, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, മുൻ സംസ്ഥാന സെക്രട്ടറിയും ദളിത് മുഖവുമായ മഞ്ജു കുട്ടൻ തുടങ്ങിയവരെ പരിഗണിക്കുന്നതായാണ് വിവരം. ഇതിൽ കെസി വേണുഗോപാൽ അനുകൂലിയായ ബിനു ചുള്ളിയിൽ അഖിലേന്ത്യ ഉപാധ്യക്ഷൻ ആവും എന്നാണ് കരുതപ്പെടുന്നത്. മറ്റുള്ളവരെ അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുമാണ് പരിഗണിക്കുന്നത്.

















