ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ആരോഗ്യമന്ത്രി വീണ ജോർജ്ജിന് സ്വന്തം ബൂത്തില്‍ പോലും മുന്നിലെത്താനായില്ല.യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി വീണ ജോർജിന്റെ ബൂത്തില്‍ 53 വോട്ടിന്റെ ലീഡ് സ്വന്തമാക്കി. പത്തനംതിട്ട നഗരസഭയിലെ നാലാം വാർഡിലുള്ള ആനപ്പാറ ഗവ. എല്‍പി സ്കൂളിലെ 262-ാം ബൂത്തിലാണ് വീണ ജോർജ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ അബിൻ വർക്കിക്ക് 427 വോട്ടും വീണ ജോർജിന് 374 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ 19 വോട്ടുകള്‍ നേടി.

മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അബിൻ വർക്കി നേടിയ വിജയം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതായിരുന്നു. 18,985 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അബിൻ വർക്കി വിജയിച്ചത്. അബിൻ വർക്കി ആകെ 70,083 വോട്ടുകള്‍ നേടിയപ്പോള്‍ വീണ ജോർജിന് ലഭിച്ചത് 51,098 വോട്ടുകളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തിയത്. 102 സീറ്റാണ് യുഡിഎഫ് നേടിയത്. ഇടതുപക്ഷം 35 സീറ്റുകളില്‍ മാത്രമായി ഒതുങ്ങി. ബിജെപി 3 സീറ്റുകളുമായി അക്കൗണ്ട് തുറക്കുകയും ചെയ്തു. കഴക്കൂട്ടം, ചാത്തന്നൂർ, നേമം എന്നിവിടങ്ങളിലാണ് ബിജെപി ജയിച്ചത്.

വലിയ തിരിച്ചടിയാണ് ഇടതുപക്ഷം നേരിട്ടത്. 13 മന്ത്രിമാരാണ് പരാജയപ്പെട്ടത്. മുന്നണിയിലെ പ്രബല കക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല. പാലായില്‍ ജോസ് കെ മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും തോറ്റു. സിപിഎമ്മിന്റെ ഉരുക്കുകോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും അമ്പലപ്പുഴയിലും ഇടത് സ്ഥാനാർത്ഥികള്‍ തോല്‍ക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക