രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ് എന്നീ യുവ നേതാക്കളുടെ പേരുകളാണ് വിവിധ ഗ്രൂപ്പുകൾ ഇപ്പോൾ അധ്യക്ഷ പദവിയിലേക്ക് മുന്നോട്ടുവച്ചിരിക്കുന്നത്. നേതാക്കൾക്ക് അഭിപ്രായ ഐക്യത്തോടെ ഒരു പേരിലേക്ക് എത്തിച്ചേരുവാൻ സാധിക്കാത്തതിനാൽ തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

ഈ ഘട്ടത്തിൽ സ്ഥാനം നേടാൻ പഠിച്ച പണി പതിനെട്ടടവും പയറ്റുകയാണ് നിലവിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് ആയ അബിൻ വർക്കി. സംഘടനാ തെരെഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് തോറ്റ കാര്യം മറച്ചുവെച്ച് ഒരു ലക്ഷത്തി എഴുപതിനായിരം വോട്ട് പിടിച്ചു, എന്നതൊരു മഹാസംഭവമാക്കി ചിത്രീകരിച്ച് തനിക്കൊപ്പം പരിഗണിക്കുന്ന മറ്റുള്ളവരെ ഇകഴ്ത്തി കാട്ടുന്ന സമീപനമാണ് അതിനുവേണ്ടി പണിയെടുക്കുന്ന സൈബർ തൊഴിലാളികളും പി ആർ ഏജൻസികളും ഇപ്പോൾ നടത്തുന്നത്.യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെടുന്നവർക്ക് വൈസ് പ്രസിഡൻറ് പദവി ലഭിക്കും. ഈ ആനുകൂല്യം കൊണ്ടാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും അബിൻ വർക്കി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയത് എന്ന കാര്യമാണ് ഇവിടെ ബോധപൂർവ്വം ഇത്തരം പ്രചാരകർ തമസ്കരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിടെക് പൂർത്തിയാക്കിയ ശേഷം രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങി ഗ്രൂപ്പിൻ്റെ ലേബലിൽ പെട്ടെന്ന് ഉണർന്നു വന്ന അബിനെ പോലെയല്ല അദ്ദേഹത്തിന് ഒപ്പം പരിഗണിക്കപ്പെടുന്ന മറ്റു മൂന്നുപേരും. കെഎം അഭിജിത്തും, ഓ ജെ ജനീഷും, ബിനു ചുള്ളിയിലും എല്ലാം തങ്ങൾ പഠിച്ച കോളേജുകളിൽ യൂണിറ്റ് തലം മുതൽ പ്രവർത്തനമാരംഭിച്ച് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ അടക്കം മത്സരിച്ച് വിജയിച്ച് പിന്നീട് ബ്ലോക്ക് കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും എല്ലാം ഘട്ടം ഘട്ടമായി ഇടം നേടി സംസ്ഥാന നേതാക്കളായി മാറിയവരാണ്.

അതുപോലെതന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എന്ന നിലയിൽ നിരവധി സമരവേദികളിൽ ഉദ്ഘാടകൻ ആകുവാൻ അവസരം ലഭിച്ചതിന്റെ പേരിലാണ് പ്രതിഷേധ സമരങ്ങൾക്കെതിരെ പോലീസ് ചാർജ് ചെയ്ത കേസുകളിൽ പ്രതിയായി ഇദ്ദേഹത്തിനെതിരെ കൂടുതൽ കേസുകൾ ഉണ്ടായത്. ലാത്തിച്ചാർജിൽ പരിക്കേറ്റ അവസരങ്ങൾ വരെ എണ്ണിത്തിട്ടപ്പെടുത്തി മറ്റുള്ള നേതാക്കൾക്കുണ്ടായ സമാന അനുഭവങ്ങളുടെ എണ്ണം കുറച്ചുകാട്ടിയും അഭിപ്രായ സർവേ രൂപത്തിൽ കാർഡ് ഇറക്കി പ്രചരണം നടത്തുന്ന അബിൻ വർക്കിയും അനുയായികളും സംഘടനയുടെ തലപ്പത്തെത്തിയാൽ യൂത്ത് കോൺഗ്രസ് രാഷ്ട്രീയം കാണാൻ പോകുന്നത് രാഷ്ട്രീയത്തിന്റെ പാരമ്യതയായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

യുവാവാണെന്ന് കാണിക്കുവാൻ അനവസരത്തിൽ പ്രായത്തിന് ചേരാത്ത വേഷമണിഞ്ഞും, കൊറിയൻ വെബ് സീരീസുകളുടെ പേരും കഥാപശ്ചാത്തലവും കാണാതെ പഠിച്ച് മനപ്പാഠമാക്കി പ്രസംഗങ്ങളിൽ ഉരുവിട്ട് താൻ ജെൻസിക്കാരുടെ ട്രെൻഡിനൊപ്പം ആണ് എന്ന് വരുത്തി തീർക്കുന്ന കാപട്യങ്ങളും അബിന്റെ മുഖമുദ്രയാണ്. രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാനും പദവികൾ ലഭിക്കുവാനും താൻ മഹാനാണ് എന്ന് ചിത്രീകരിക്കുന്നതിൽ വലിയ തെറ്റൊന്നും ഈ കാലത്ത് പറയാൻ കഴിയില്ലെങ്കിലും അതിനുവേണ്ടി തനിക്കൊപ്പം യോഗ്യതയുള്ളവരെ ഇകഴ്ത്തി കാണിക്കുന്ന പ്രവണത ഒരു പൊതുപ്രവർത്തകന് ചേർന്നതല്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനെല്ലാം അപ്പുറമാണ് സഹപ്രവർത്തകരുടെ എളിയ പശ്ചാത്തലത്തെ പോലും അപകീർത്തികരമായി ചിത്രീകരിച്ച് പരിഹസിക്കുന്ന സൈബർ പോരാളികളുടെ അഴിഞ്ഞാട്ടം എന്നു കൂടി വിലയിരുത്തി ആവട്ടെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് ഇയാളെ പരിഗണിക്കുമ്പോൾ നേതൃത്വം ഒരു തീരുമാനമെടുക്കേണ്ടത് എന്ന അഭിപ്രായം ഇപ്പോൾ തന്നെ നിരവധി പ്രവർത്തകർ ഉയർത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക