പൂനെ മുൻസിപ്പല്‍ തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ, വിജയിക്കുന്നതിനായി വിവിധ തന്ത്രങ്ങള്‍ പയറ്റി സ്ഥാനാർഥികള്‍.വിദേശ യാത്രകള്‍, കാറുകള്‍, ആഭരണങ്ങള്‍, വീട്ടമ്മമാർക്കുള്ള സാരികള്‍ വരെയുള്ള സൗജന്യ സമ്മാനങ്ങളാണ് പ്രഖ്യാപനം. ലോഹ്ഗാവ്-ധനോരി വാർഡിലെ ഒരു സ്ഥാനാർഥി ലക്കി നറുക്കെടുപ്പ് വഴി 11 വോട്ടർമാർക്ക് 1,100 ചതുരശ്ര അടി ഭൂമി വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായുള്ള രജിസ്ട്രേഷനും ആരംഭിച്ചു.
എ വിമൻ നഗറിലെ സ്ഥാനാർത്ഥികള്‍ ദമ്ബതികള്‍ക്ക് തായ്‌ലൻഡിലേക്ക് അഞ്ച് ദിവസത്തെ ആഡംബര ടൂറാണ് വാഗ്ദാനം ചെയ്തത്. മറ്റ് വാർഡുകളില്‍ ‘ലക്കി ഡ്രോ’ വഴി എസ്‌യുവികള്‍, ഇരുചക്ര വാഹനങ്ങള്‍, സ്വർണാഭരണങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
പലയിടത്തും സ്ത്രീകളെ ലക്ഷ്യമിട്ട് ആയിരക്കണക്കിന് പൈത്താണി സാരികള്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. തയ്യല്‍ മെഷീനുകളും സൈക്കിളുകളും നല്‍കി വരുന്നു.
കായിക പ്രേമികളായ വോട്ടർമാർക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസുമായി ക്രിക്കറ്റ് ലീഗുകള്‍ നടത്തുന്നുണ്ട്. സൗജന്യങ്ങള്‍ നല്‍കി വോട്ട് കൈക്കലാക്കുന്നതിനെതിരെ നിരവധിപേർ വിമർശനവുമായി രംഗത്തെത്തി.
ജനുവരി 15 ലെ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി വിഭാഗങ്ങള്‍ ആദ്യ യോഗം ചേർന്നു. 20 വർഷത്തിന് ശേഷം താക്കറെയുടെ സഹോദരങ്ങളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും വീണ്ടും ഒന്നിച്ചു.
















