സമയോചിതമായി നല്‍കിയ പ്രാഥമിക ചികിത്സയിലൂടെ യുവാവിന്റെ ജീവൻ തിരികെ പിടിച്ചു. എറണാകുളം കാലടിയിലാണ് സംഭവം.അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്‌സ്‌ അഞ്ജലി ബൈജുവും കോതമംഗലം മാർബസേലിയോസ് ഹോസ്പിറ്റലിലെ കോളേജ് ഓഫ് നഴ്സിംഗ് അവസാനവർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആർദ്ര രാജുമാണ് ജീവൻ തിരികെ പിടിച്ച മാലഖമാർ.

പെരുമ്പാവൂർ ടോംസ് പാർക്കില്‍ ‘നൈസ് ഓട്ടോസ്’ എന്ന സ്ഥാപനം നടത്തുന്ന പള്ളിക്കവല ഹൈദരാലി ജംഗ്ഷനിലെ ചിരക്കക്കുടി വീട്ടില്‍ സി.ഇ. സിനാജാണ് രക്ഷപ്പെട്ടത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സിനാജ് സ്വയം കാർ ഓടിച്ച്‌ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് കാലടി പാലത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത്. ഇതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാറിനുള്ളില്‍ സിനാജ് അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരനായ രഞ്ജിത്താണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കിയത്. ട്രാഫിക് കുരുക്കില്‍ കുടുങ്ങിക്കിടന്ന വാഹനങ്ങളിലേക്ക് ഓടിക്കയറി ‘ആരോഗ്യപ്രവർത്തകർ ആരെങ്കിലും ഉണ്ടോ?’ എന്ന് അന്വേഷിച്ച രഞ്ജിത്തിന്റെ പരിശ്രമമാണ് സിനാജിന് ജീവൻ തിരിച്ചുകിട്ടാൻ വഴിയൊരുക്കിയത്.അതിനിടെയാണ് സമീപത്ത് കുടുങ്ങിക്കിടന്ന ബസില്‍ ഉണ്ടായിരുന്ന അഞ്ജലി ബൈജുവും ആർദ്ര രാജും സഹായത്തിനായി ഓടിയെത്തിയത്.

സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ ഇരുവരും ഉടൻ തന്നെ സി.പി.ആർ. (Cardiopulmonary Resuscitation) നല്‍കിത്തുടങ്ങി. കൃത്യസമയത്ത് നല്‍കിയ ജീവൻരക്ഷാ ചികിത്സ ഫലംകണ്ടതോടെ സിനാജിന് ശ്വാസം വീണ്ടുകിട്ടുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കാലടി ഒക്കല്‍ ആട്ടോക്കാരൻ വീട്ടില്‍ ബൈജു പൗലോസിന്റെയും ഷിജിയുടെയും മകളാണ് അഞ്ജലി. കാലടി മറ്റൂർ അറയ്‌ക്കപ്പറമ്പില്‍ എ.ആർ. രാജുവിന്റെയും പി.എം. മഞ്ജുളയുടെയും മകളാണ് ആർദ്ര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക