ഒരു പ്രസവ വാർഡിലെ ഡോക്ടർമാരും നഴ്സുമാരുമൊക്കെ ദിവസേന എത്രയോ കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിക്കാറുണ്ട്.എന്നാല്‍ ഒരേ വാർഡിലെ 17 നഴ്സുമാർ ഒരേസമയം തങ്ങളുടെ കുഞ്ഞുങ്ങളുടെ വരവിനായി കാത്തിരുന്നാലോ? കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും അമേരിക്കയിലെ ഒഹായോയിലുള്ള മിയാമി വാലി ആശുപത്രിയിലാണ് ഈ അപൂർവ്വ സംഭവം.
ആശുപത്രിയിലെ ലേബർ ആൻഡ് ഡെലിവറി വിഭാഗത്തില്‍ ജോലി ചെയ്യുന്ന 17 നഴ്സുമാരാണ് ഇപ്പോള്‍ ഒരേസമയം ഗർഭിണികളായിരിക്കുന്നത്. ഈ സംഭവം ഒരു അപൂർവ്വ റെക്കോർഡായി മാറിയിരിക്കുകയാണ്.
ഇതാദ്യമായല്ല മിയാമി വാലി ആശുപത്രി വാർത്തകളില്‍ നിറയുന്നത്. മുൻപ് 2019-ല്‍ ഇതേ ആശുപത്രിയിലെ 11 നഴ്സുമാർ ഒരേസമയം ഗർഭിണികളായി റെക്കോർഡ് ഇട്ടിരുന്നു. ആ റെക്കോർഡാണ് ഇപ്പോള്‍ 17 പേർ ചേർന്ന് തിരുത്തിക്കുറിച്ചിരിക്കുന്നത്. 12 മുതല്‍ 35 ആഴ്ചവരെ ഗർഭകാലം പൂർത്തിയാക്കിയവരാണ് ഇക്കൂട്ടത്തിലുള്ളത്. ഇവരില്‍ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നവരും രണ്ടാമത് ഗർഭിണികളാകുന്നവരും ഉണ്ട്.
ഗർഭിണികളായ നഴ്സുമാർ ഒരുമിച്ച് അവധിയില്‍ പ്രവേശിക്കുന്നത് ആശുപത്രിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമോ എന്നറിയാൻ ആകാഷയുള്ളവരുമുണ്ട്. അവർക്കുള്ള മറുപടിയായി നഴ്സിംഗ് സ്റ്റാഫ് മാനേജർ ആംബർലി സാനർ പറയുന്നത് ഇങ്ങനെ,’ആശുപത്രിയില്‍ 200 നഴ്സുമാരും അതിനനുസരിച്ച് സപ്പോർട്ടിംഗ് നഴ്സുമാരും ഉണ്ട്. നഴ്സുമാരെ ജോലിക്കായി എത്തിക്കാനും തിരിച്ചെത്തിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. ആശുപത്രിയില്‍ പാർട് ടൈമായി ജോലിചെയ്യുന്നവരുമുണ്ട്. അതിനാല്‍ യാതൊരു വിധത്തിലുളള പ്രതിസന്ധിയുമുണ്ടാകില്ല’- ആംബർലി സാനർ വ്യക്തമാക്കി.











