കര്‍ണാടകയിലെ ഹാസൻ ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ 21 പേര്‍ ഹൃദയാഘാതം മൂലം മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൃദയാഘാതകേസുകള്‍ വര്‍ധിക്കുന്നത് ആരോഗ്യവകുപ്പ് ഗൗരവമായി എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വർധിച്ചുവരുന്ന ഹൃദയാഘാതങ്ങളെക്കുറിച്ച്‌ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ അധ്യക്ഷതയില്‍ പഠനം നടത്തി റിപ്പോർട്ട് നേടാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

“പെട്ടെന്നുള്ള ഹൃദയാഘാതം തടയുന്നതിനായി സംസ്ഥാന സർക്കാർ പുനീത് രാജ്കുമാർ ഹാർട്ട് ജ്യോതി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ യുവാക്കളില്‍ കൂടുതലായി ഹൃദയാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച്‌ സമഗ്രമായ ഗവേഷണം ആവശ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ ഹസന്‍ ഭരണകൂടം അടിയന്തര യോഗം ചേർന്നിട്ടുണ്ട്.വിദഗ്ധരുടെ സംഘം അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്. ലതാകുമാരിപറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഹൃദയാഘാതത്തിനുള്ള കാരണങ്ങള്‍ റിപ്പോർട്ട് പഠിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.തിങ്കളാഴ്ച മാത്രം മൂന്ന് പേരാണ് ജില്ലയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. അടുത്തിടെ മരിച്ച 21 പേരും 30 നും 55 നും ഇടയില്‍ പ്രായമുള്ളവരാണെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം,മരിച്ചവര്‍ക്ക് മറ്റ് രോഗങ്ങളുണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്നും ജില്ലാ ആരോഗ്യ ഓഫീസർ ഡോ. അനില്‍ കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 68 താലൂക്ക് ആശുപത്രികളിലായി എസ്ടിഇഎംഐ പദ്ധതി പ്രകാരം 37,774 പേർക്ക് ചികിത്സ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക