കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ മന്ത്രി വീണാ ജോര്‍ജിനൊപ്പമുള്ള നഴ്സുമാരുടെ സെല്‍ഫി വ്യാപക വിമര്‍ശനമായിരിക്കെ വിശദീകരണക്കുറിപ്പുമായി നഴ്സ് പി.സി സ്മിത. മന്ത്രിയുടെ മാനസിക വിഷമം മാറ്റാനാണ് തങ്ങള്‍ മന്ത്രിക്കൊപ്പം സെല്‍ഫിയെടുത്തതെന്ന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

‘മന്ത്രിക്ക് എംആർഐ സ്‌കാൻ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂർ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസ്സിലായെന്നും സ്മിത പറയുന്നു.രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിർബന്ധിച്ച്‌ ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഐസിയുവിലെ നഴ്‌സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോ അങ്ങനെ എടുത്തതാണ്.തന്റെ ഉള്‍പ്പടെ പിന്തുണ അറിയിക്കല്‍ കൂടിയാണത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യമായാണ് അവർ തങ്ങളോട് ഇടപെട്ടത്. അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മന്ത്രി അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മന്ത്രി കാനുല ഇട്ടിട്ടുണ്ട്. ഭക്ഷണസമയം അത് ഡിസ്‌കണക്‌ട് ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതു കൊണ്ട് കൈത്തണ്ടയുടെ ലോവർ ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക എന്ന് കുറിപ്പില്‍ പറയുന്നു.മന്ത്രിക്കൊപ്പം ഐസിയുവില്‍വെച്ച്‌ നഴ്‌സുമാർ എടുത്ത ചിത്രം വലിയ വിമർശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മന്ത്രി കയ്യിലൊരു സൂചി പോലും വെക്കാതെയാണ് ആശുപത്രിയില്‍ കഴിയുന്നത് എന്നടക്കമായിരുന്നു വിമർശനം.

ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലുള്ള മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണെന്നായിരുന്നു കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബുക്കില്‍ കുറിച്ചത്. സാധാരണക്കാരായ രോഗികള്‍ക്ക് ഐ.സി.യുവില്‍ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തില്‍ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും ഫര്‍ഹാന്‍ ആരോപിച്ചിരുന്നു.ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളോ നിയമങ്ങളോ പാലിക്കുന്നില്ലെന്നും ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തുകയാണെന്നും പോസ്റ്റില്‍ ആരോപിച്ചു. ഇത്തരത്തില്‍ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ ഗവ. മെഡിക്കല്‍ കോളേജ് ഐ.സി.യുകളും ആശുപത്രികളും എന്നും ഫര്‍ഹാന്‍ കുറിപ്പില്‍ ചോദിച്ചു.കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നും കെഎസ്‌യു ആരോപിച്ചു.

അതേസമയം മന്ത്രിയെ പരിയാരത്ത് നിന്നും ഡിസ്ചാര്‍ജ് ചെയ്ത് റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയാണ്.നില കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഇന്നലെ രാത്രി ഓണ്‍ലൈനായി മെഡിക്കല്‍ ബോർഡ് യോഗം ചേരുകയായിരുന്നു. നില കൂടുതല്‍ മെച്ചപ്പെട്ടു എന്ന് മെഡിക്കല്‍ ബോർഡ് വിലയിരുത്തി. ഡിസ്ചാർജ് മന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് മെഡിക്കല്‍ കോളജില്‍ ചികിത്സ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക