കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ചരിത്രത്തിലെ ഏറ്റവും കഠിനമായ ചൂടിലൂടെയാണ് യൂറോപ്യൻ രാജ്യങ്ങള്‍ കടന്നുപോകുന്നത്.ഫ്രാൻസില്‍ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ആയിരത്തിലധികം പേർ ഉഷ്ണതരംഗം മൂലം മരിച്ചുവെന്ന് ദേശീയ പൊതുജനാരോഗ്യ ഏജൻസിയായ സാന്‍റേ പബ്ലിക് ഫ്രാൻസ് അറിയിച്ചു.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ദിവസേന ശരാശരി 900 മുതല്‍ 1,000 വരെ മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്ന സ്ഥാനത്ത്, ജൂണ്‍ 24 ന് 1,200 ല്‍ അധികം മരണങ്ങള്‍ രജിസ്റ്റർ ചെയ്തതായും, തുടർന്നുള്ള രണ്ട് ദിവസങ്ങളില്‍ 1,400 ല്‍ അധികം മരണങ്ങള്‍ ഉണ്ടായതായും പബ്ലിക് ഹെല്‍ത്ത് ഫ്രാൻസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മരിച്ചവരില്‍ 85 ശതമാനം പേരും 65 വയസിനും അതിനുമുകളിലും പ്രായമുള്ളവരാണെന്നും, പ്രത്യേകിച്ച്‌ പാരീസ് മേഖലയിലെ സ്വകാര്യ വീടുകളിലാണ് ഏറ്റവും കൂടുതല്‍ വർധനവ് കാണപ്പെടുന്നതെന്നും ഏജൻസി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫ്രാൻസിലെ പിസോ നഗരത്തില്‍ 44.3 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ദേശീയ തലത്തില്‍ ശരാശരി താപനില 30 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ഫ്രാൻസിലെ ഇതുവരെയുള്ളതില്‍ വച്ച്‌ ഏറ്റവും ചൂടേറിയ ദിവസമായി ഇത് മാറി.

ഇവിടുത്തെ രാത്രി താപനില ശരാശരി 22°C യില്‍ താഴെയായില്ല. ചൂട് കാരണം ട്രാക്കുകള്‍ വികസിക്കുന്നതിനാല്‍ ട്രെയിനുകള്‍ നിർത്തേണ്ടിവന്നു, പവർ ഗ്രിഡ് തകരാറിലായതിനാല്‍ 50,000 വീടുകളില്‍ വൈദ്യുതി മുടങ്ങി. ഫ്രാൻസില്‍ പൊതുസ്ഥലങ്ങളില്‍ മദ്യം കഴിക്കുന്നത് സർക്കാർ നിരോധിച്ചു. കൊടും ചൂടിനെ തുടർന്ന് 1,350-ലധികം സ്കൂളുകള്‍ അടച്ചുപൂട്ടി.

അതേസമയം, ജർമനി, സ്പെയിൻ, യുകെ, ഡെൻമാർക്ക്, ഇറ്റലി, സ്വിറ്റ്സർലന്‍റ് എന്നിവയുള്‍പ്പെടെ 16 രാജ്യങ്ങളില്‍ താപനില പതിറ്റാണ്ടുകള്‍ പഴക്കമുള്ള റെക്കോർഡുകള്‍ തകർത്തു. ഞായറാഴ്ച യൂറോപ്പിലുടനീളം 35 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. 191 ദശലക്ഷം ആളുകള്‍ കൊടുംചൂടില്‍ വെന്തുരുകി. ചൂട് കാരണം റോഡുകള്‍ ഉരുകുകയും സ്കൂളുകള്‍ അടയ്ക്കുകയും ചെയ്തു. വ്യാപകമായ കാട്ടുതീക്കും ചൂട് കാരണമായി. ആഗോള ശരാശരിയേക്കാള്‍ വേഗത്തില്‍ യൂറോപ്പിലെ താപനില ഉയരുകയാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത്തരം ഉഷ്ണതരംഗങ്ങള്‍ ഭാവിയില്‍ കൂടുതല്‍ തവണ ഉണ്ടാകുമെന്നും കൂടുതല്‍ കാലം നിലനില്‍ക്കുമെന്നുമാണ് സൂചന.

യുകെയില്‍ സ്കൂളുകള്‍ അടച്ചുപൂട്ടി

യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ആദ്യമായി, തുടർച്ചയായി മൂന്ന് ദിവസം ‘റെഡ് വാണിംഗ്’ നല്‍കേണ്ടി വന്നു. ജൂണിലെ 50 വർഷം പഴക്കമുള്ള റെക്കോർഡ് (35.6°C) ഈ ആഴ്ച തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ മറികടന്നു. ചൂട് കാരണം വൈദ്യുതി ആവശ്യകത 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഹീറ്റ് സ്ട്രോക്ക്, നിർജലീകരണം, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികളുടെ എണ്ണത്തില്‍ പെട്ടെന്നുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് പല പ്രധാന ആശുപത്രികളെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർബന്ധിതരാക്കി.

ബ്രിട്ടനിലുടനീളമുള്ള 1,000-ത്തിലധികം സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടി വന്നു. കോണ്‍ക്രീറ്റും പഴയ വസ്തുക്കളും കൊണ്ട് നിർമിച്ച ക്ലാസ് മുറി കെട്ടിടങ്ങള്‍ ചൂടായതിനാല്‍ കുട്ടികള്‍ക്കും അധ്യാപകർക്കും അകത്ത് തന്നെ തുടരാൻ പ്രയാസമായി. ചൂട് കാരണം ഇരുമ്പ് റെയില്‍‌വേ ട്രാക്കുകള്‍ വികസിക്കുകയും, വളയാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തല്‍ഫലമായി, ട്രെയിനുകളില്‍ കർശനമായ വേഗത പരിധി (60 mph) ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തോട്ടം നനയ്ക്കുന്നതിനും കാറുകള്‍ കഴുകുന്നതിനും ഹോസ്പൈപ്പുകള്‍ ഉപയോഗിക്കുന്നത് പല പ്രദേശങ്ങളിലും നിരോധിച്ചിട്ടുണ്ട്.

സ്പെയിനില്‍ റെക്കോഡ് ചൂട്

യൂറോപ്പിലെ ഏറ്റവും കഠിനമായ ചൂടാണ് ഇപ്പോള്‍ സ്‌പെയിനില്‍ അനുഭവപ്പെടുന്നത്. ആൻഡുജാർ നഗരത്തിലെ താപനില 45.1°C ആയി. അതേസമയം, വടക്കൻ നഗരമായ ബില്‍ബാവോയില്‍ 42.7°C രേഖപ്പെടുത്തി, ജൂണിലെ എക്കാലത്തെയും റെക്കോർഡ് ഭേദിച്ചു. കഴിഞ്ഞ നാല് ദിവസമായി കൊടും ചൂടില്‍ രാജ്യത്ത് 200-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

കടുത്ത വരള്‍ച്ചയും കൊടും ചൂടും സ്പെയിനിലുടനീളം വൻ കാട്ടുതീ പടർന്നുപിടിച്ചു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ രാപ്പകല്‍ പണിയെടുക്കുന്നു, നിരവധി പട്ടണങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കേണ്ടിവന്നു.

വെന്തുരുകി ഡെൻമാര്‍ക്കും ജര്‍മനിയും

ജർമനിയിലെ ഡ്രാവിറ്റ്‌സ് നഗരത്തില്‍ ശനിയാഴ്ച 41.5 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കനത്ത ചൂടില്‍ ഹൈവേകളിലെ റോഡുകള്‍ ഉരുകുകയും വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു. സുരക്ഷ മുൻനിര്‍ത്തി കായിക പരിപാടികള്‍, സംഗീതോത്സവങ്ങള്‍, കച്ചേരികള്‍ എന്നിവ എന്നിവ റദ്ദാക്കി.

സ്വതവെ തണുത്ത കാലാവസ്ഥയുള്ള ഡെൻമാര്‍ക്കില്‍ ശനിയാഴ്ച താപനില 37 ഡിഗ്രി സെല്‍ഷ്യസായി ഉയർന്നു. ഡെൻമാർക്കിലെ റോഡുകള്‍ ഉരുകാൻ തുടങ്ങിയിരിക്കുന്നു. അതിനാല്‍, റോഡ് പ്രതലങ്ങള്‍ വിണ്ടുകീറുന്നത് തടയാൻ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

ചൂടില്‍ നിന്ന് രക്ഷപ്പെടാൻ, ലക്ഷക്കണക്കിന് തദ്ദേശീയരും വിനോദസഞ്ചാരികളും കോപ്പൻഹേഗനിലെ പ്രശസ്തമായ അമാഗർ ബീച്ചിലേക്കും രാജ്യത്തുടനീളമുള്ള മറ്റ് തീരപ്രദേശങ്ങളിലേക്കും ഒഴുകിയെത്തി.

ഇറ്റലിയില്‍ 18 നഗരങ്ങളില്‍ റെഡ് അലര്‍ട്ട്

ഇറ്റലിയില്‍ ചൂട് തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണ്. റോം, മിലാൻ, വെനീസ്, ഫ്ലോറൻസ്, ടൂറിൻ എന്നിവയുള്‍പ്പെടെ 18 നഗരങ്ങള്‍ക്കാണ് സർക്കാർ ഏറ്റവും ഉയർന്ന റെഡ് ഹീറ്റ് അലേർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊടും ചൂട് കാരണം രാജ്യത്തെ ഏറ്റവും നീളം കൂടിയ പോ നദിയിലെ ജലനിരപ്പ് അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ഉപ്പുരസമുള്ള കടല്‍ വെള്ളം നദിയിലേക്ക് കയറിത്തുടങ്ങിയതിനാല്‍ കൃഷിക്കും കുടിവെള്ളത്തിനും ഭീഷണിയായി. പല പ്രദേശങ്ങളിലെയും ആളുകള്‍ ഉച്ചകഴിഞ്ഞ് പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിക്കുകയും ജോലി സമയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക