ഡല്‍ഹിയിലെ സാകേത് പ്രദേശത്തിന് സമീപം ഓടുന്ന കാറിന്റെ മുകളില്‍ കയറി ചുംബനം ഉള്‍പ്പെടെയുള്ള അപകടകരമായ സ്റ്റണ്ടുകള്‍ ചെയ്ത് കമിതാക്കള്‍. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കേസെടുത്തു. ഓടുന്ന കാറിന്റെ വാതിലില്‍ തൂങ്ങിക്കിടക്കുന്ന ഒരാള്‍ പിന്നീട് കാറിന്റെ മുകളിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം. തിരക്കേറിയ റോഡിലായിരുന്നു സ്‌നേഹപ്രകടനം.
ഇവർ സഞ്ചരിച്ച കാറിന്റെ പിന്നിലുണ്ടായിരുന്ന വാഹനത്തിലുള്ളയാള്‍ പകർത്തിയ വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നത്.ട്രാഫിക് സിഗ്നലില്‍ വണ്ടിനിർത്തിയപ്പോള്‍ യുവാവ് വിൻഡോയിലൂടെ വളരെ സാഹസികമായി കാറിന്റെ മുകളില്‍ കയറി ഇരിക്കുകയാണ്. ഇതിനിടെ ഒരു പെണ്‍കുട്ടി വിൻഡോയിലൂടെ പുറത്തേക്ക് തലയിടുന്നു. തുടർന്ന് ഇരുവരും ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വീഡിയോ വളരെപ്പെട്ടെന്നുതന്നെ സമൂഹ മാധ്യമത്തില്‍ വൈറലായി. പിന്നാലെ യുവാവിനും പെണ്‍കുട്ടിക്കുമെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
‘വീഡിയോയിലുള്ള യുവാവിന് ഇരുപതോ ഇരുപത്തിയൊന്നോ വയസേയുള്ളൂ. അവനെന്തെങ്കിലും സംഭവിച്ചാല്‍ ആ കുടുംബം തകർന്നുപോകും. 30 വയസായിട്ടും ഞാൻ കൃത്യസമയത്ത് വീട്ടിലെത്തിയില്ലെങ്കില്‍ വീട്ടുകാർ വിളിക്കും. ഇത്തരം സാഹസികങ്ങള്‍ ചെയ്യുന്നതിന് മുമ്ബ് സ്വന്തം കുടുംബത്തെക്കുറിച്ച് ചിന്തിക്കണം.’- എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ മോട്ടോർ വാഹനവകുപ്പിന്റെ ശ്രദ്ധയിലും പെട്ടു. യുവാവിനെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
‘ജീവൻ വിലപ്പെട്ടതാണ്. പ്രതിക്കെതിരെ സെക്ഷൻ 179 MVA, 184 MVA എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.അതേസമയം പ്രകടനം നടത്തുന്നവരുടെ ജീവൻ മാത്രമല്ല, മറ്റ് വാഹനമോടിക്കുന്നവരുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന ഇത്തരം അപകടകരമായ പ്രവർത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അധികാരികള്‍ പൊതുജനങ്ങളോട് നിരന്തരം അഭ്യർത്ഥിക്കുന്നു.

















