ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിനു പിന്നാലെ ഡല്‍ഹി നഗരത്തില്‍ ജാഗ്രത വര്‍ദ്ധിപ്പിച്ച് പൊലീസ്. ചെങ്കോട്ടയ്ക്ക് സമീപം മെട്രോ സ്റ്റേഷന് അടുത്തുള്ള ഗേറ്റ് നമ്ബർ 1-നടുത്താണ് സംഭവം നടന്നത്. സാവധാനത്തില്‍ നീങ്ങുകയായിരുന്ന ഒരു കാർ ചുവപ്പ് ലൈറ്റില്‍ നിർത്തുകയും പിന്നാലെ സ്ഫോടനമുണ്ടാവുകയുമായിരുന്നു. ഒരു ഐ20 കാറാണ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു. നാളെ ഉന്നത ഉദ്യോഗസ്ഥരുമായി ഷാ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതിശക്തമായ സ്ഫോടനമായിരുന്നു എന്നാണ് വിവരം. സ്ഫോടനത്തിന്റെ തീവ്രത കാരണം സമീപത്തെ തെരുവ് വിളക്കുകള്‍ തകർന്നു. സമീപത്തുള്ള കാറുകള്‍ ഏകദേശം 150 മീറ്റർ വരെ ദൂരേക്ക് തെറിച്ചുപോയതായി ദൃക്സാക്ഷികള്‍ പറയുന്നു. സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 6:52നാണ് സ്ഫോടനം നടന്നത്. ഇതില്‍ എട്ടുപേർ മരിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സ്ഫോടനം സമീപത്തെ മറ്റ് വാഹനങ്ങളെയും ബാധിച്ചു. പലതും പൂർണമായും കത്തി നശിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടുപേർ ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.സംഭവസ്ഥലത്ത് ഏഴ് ഫയർ എഞ്ചിനുകള്‍ എത്തിയിട്ടുണ്ട്. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലില്‍ നിന്നുള്ള ഒരു സംഘവും സ്ഥലത്തെത്തി. സ്ഫോടനത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. സ്ഫോടനത്തിന് ശേഷം അമിത് ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. എൻഎസ്‌ജി, എൻഐഎ, ഫോറൻസിക് വിഭാഗങ്ങളില്‍ നിന്നുള്ള ടീമുകളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
അതെസമയം തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും സുരക്ഷാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കപ്പെട്ടതായി വിവരമുണ്ട്. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ഡെറാഡൂണ്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. ബിഹാറില്‍ തെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ സുരക്ഷാ നിരീക്ഷണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. മുംബൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി പോലീസ് നഗരം മുഴുവൻ സുരക്ഷാ പരിശോധനകള്‍ നടത്തുകയാണ്. ഡല്‍ഹി പോലീസിന്റെ പ്രത്യേക സ്ക്വാഡുകള്‍, നാഷണല്‍ സെക്യൂരിറ്റി ഗാർഡ് എന്നിവ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് സമീപമുള്ള ചന്ദ്‌നി ചൗക്ക് മാർക്കറ്റ് പ്രദേശം സുരക്ഷിതമാക്കി. ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍, ചെങ്കോട്ട, പ്രധാന സർക്കാർ കെട്ടിടങ്ങള്‍, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുള്‍പ്പെടെ സിഐഎസ്‌എഫ് സംരക്ഷിക്കുന്ന എല്ലാ മേഖലകളിലും അതീവ ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്.

















