ദൈവങ്ങളുടെയും ബലിദാനികളുടെയും പേരില്‍ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയതിന് സമാനമായി പാലക്കാട്ടെ കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും റദ്ദാക്കി ഹൈക്കോടതി.പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്.
മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് സുനില്‍ സത്യപ്രതിജ്ഞ ചെയ്തത്. വടക്കഞ്ചേരി പന്നിയങ്കര 21-ാം വാർഡ് മെമ്പറാണ് സുനില്‍. ‘ഈശ്വരാനുഗ്രഹത്താല്‍ ഉമ്മൻ ചാണ്ടിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ’ എന്നായിരുന്നു സുനില്‍ പ്രതിജ്ഞ ചെയ്തത്. ഇതിനെതിരെ മറ്റൊരു വാർഡ് മെമ്പറാണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗണ്‍സിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കിയ ഉത്തരവിലാണ് കോണ്‍ഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അസാധുവാക്കിയത്. ഉത്തരവിന്റെ പകർപ്പ് ലഭിച്ച് നാലാഴ്ചയ്ക്കുള്ളില്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലർമാരുമായി ബന്ധപ്പെട്ട്, പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ കൗണ്‍സിലർമാർ എന്ന നിലയിലുള്ള പ്രവർത്തനങ്ങള്‍ ചെയ്യുന്നതിന് ഇവർക്ക് അനുമതി ഉണ്ടാവില്ലായിരിക്കും എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മുൻസിപ്പല്‍ ആക്‌ട് 531 പ്രകാരം ഇവർ ഇതുവരെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് സംരക്ഷണം ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
ദൈവനാമത്തിലോ വേണം സത്യ പ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പല്‍ ചടങ്ങില്‍ നിർവചനമില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ബിജെപി കൌണ്‍സിലർമാരുടേയും പാലക്കാട്ടെ കോണ്‍ഗ്രസ് അംഗത്തിന്‍റേയും സത്യപ്രതിജ്ഞ റദ്ദാക്കിയത്. കേരള പഞ്ചായത്ത് രാജ് 152 -ാം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അഗംങ്ങള്‍ സത്യ പ്രതിജ്‍ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതിനാല്‍ പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവൈണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് എന്ന എംഡി രാജേന്ദ്രൻ എഴുതിയ പ്രശസ്തമായ മലയാള സിനിമ ഗാനം പരാമർശിച്ചാണ് കോടതി പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയത്.





