മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ അമ്മൂമ്മയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ പതിനാറുകാരനായ വിദ്യാർഥിയെ എസ്.ഐ.മർദിച്ചതായി ഗുരുതര പരാതി. ഞാറയ്‌ക്കല്‍ എസ്.ഐ അരുണ്‍വിദ്യാർഥിയുടെ മുഖത്ത് അടിച്ചെന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായരമ്പലം വെളിയത്താംപറമ്പില്‍ മാല നഷ്ടപ്പെട്ടെന്ന പരാതിയെ തുടർന്നാണ് അമ്മൂമ്മയും പേരക്കുട്ടിയും സ്റ്റേഷനിലെത്തിയത്. കേള്‍വിക്കുറവുള്ള അമ്മൂമ്മയോട് ചോദിച്ച ചോദ്യത്തിന് പേരക്കുട്ടി മറുപടി പറഞ്ഞതില്‍ പ്രകോപിതനായാണ് എസ്.ഐ. മർദിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബാങ്കിലേക്ക് പോകും വഴി കൈയില്‍ നിന്ന് വീണ പണമാണ് താഴെ നിന്ന് എടുത്തതെന്ന് അമ്മൂമ്മ വിശദീകരിക്കുന്നു. പേരക്കുട്ടിയെ മർദിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി, ഡി.ജി.പി., എസ്.പി. എന്നിവർക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. മൂന്ന് ഓട്ടോഡ്രൈവർമാർ സ്ത്രീ മാല എടുക്കുന്നതായി മൊഴി നല്‍കിയതായും, അവരുടെ പേരില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും കുടുംബം അറിയിച്ചു.
അതേസമയം, ‘കേസന്വേഷണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്; മർദനാരോപണം കെട്ടിച്ചമച്ചതാണ്’ എന്ന നിലപാടിലാണ് പോലീസ്.





