താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പ്രസിഡന്റ് ശ്വേതാ മേനോനും ഭരണസമിതിയും കൂട്ടരാജി പ്രഖ്യാപിച്ച്‌ പടിയിറങ്ങുമ്പോള്‍ സിനിമാലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത് ഒരു കാര്യമാണ് ശക്തനായൊരു അമരക്കാരന്റെ അഭാവം സംഘടനയെ എങ്ങനെയൊക്കെ തുലച്ചുകളഞ്ഞു!എന്ന സത്യം. തുടക്കത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് നയിച്ച സംഘടനയെ പിന്നീട് വിപ്ലവകരമായ മാറ്റങ്ങളിലൂടെ ശക്തമായൊരു സാമ്രാജ്യമാക്കി മാറ്റിയത് ദിലീപ് എന്ന തന്ത്രശാലിയായ ഭാരവാഹിയായിരുന്നു.

ദിലീപ് യുഗത്തിന് ശേഷം നാഥനില്ലാക്കളരിയായ സംഘടന ഇന്ന് ചീഞ്ഞുനാറുന്ന അവസ്ഥയിലെത്തി നില്‍ക്കുമ്പോള്‍, കാര്യപ്രാപ്തിയുള്ള നേതൃത്വമില്ലെങ്കില്‍ കോടികളുടെ ആസ്തിയുള്ള ഈ സംഘടന തകര്‍ന്നടിയുമെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ച സംഘടനയെ തുടക്കകാലത്ത് നിയന്ത്രിച്ചിരുന്നത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു. എന്നാല്‍, സംഘടനയെ ഒരു കോര്‍പ്പറേറ്റ് നിലവാരത്തിലേക്ക് ഉയര്‍ത്തിയതും കൃത്യമായ സാമ്പത്തിക അടിത്തറ നല്‍കിയതും ദിലീപിന്റെ വരവോടെയാണ്. ‘അമ്മ’യുടെ ട്രഷറര്‍ പദവി ദിലീപ് ഏറ്റെടുത്തതോടെയാണ് വിപ്ലവകരമായ പല പദ്ധതികള്‍ക്കും തുടക്കമിട്ടത്. അമ്മേന്‍മാരുടെ പെന്‍ഷന്‍ കൃത്യമാക്കിയതും, സ്റ്റേജ് ഷോകളിലൂടെ കോടികളുടെ ഫണ്ട് സമാഹരിച്ചതും, അംഗങ്ങള്‍ക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കിയതുമെല്ലാം ദിലീപിന്റെ കൈക്കരുത്തിലായിരുന്നു. ഒരു തര്‍ക്കമുണ്ടായാല്‍ രണ്ട് പക്ഷത്തെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കാനുള്ള ദിലീപിന്റെ മാനേജര്‍ വൈദഗ്ധ്യം സംഘടനയെ എപ്പോഴും ഒറ്റക്കെട്ടായി നിര്‍ത്തി.

നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ദിലീപിന് സംഘടനയില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നത്. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി ദിലീപിനെ ഇപ്പോള്‍ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. നിയമപരമായി ദിലീപിന് പൂര്‍ണ്ണമായ ശുദ്ധി കൈവന്നിരിക്കുന്നതിനാല്‍ തന്നെ, സംഘടനയുടെ അമരത്തേക്ക് അദ്ദേഹത്തിന് രാജകീയമായിത്തന്നെ നടന്നു വരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍, നിലവില്‍ അമ്മയ്ക്കുള്ളില്‍ നടക്കുന്ന ചേരിപ്പോരുകളും സാമ്പത്തിക അപാകതകളും കാരണം ചീഞ്ഞുനാറിയ ഈ അന്തരീക്ഷത്തിലേക്ക് മടങ്ങിവരാന്‍ ദിലീപിന് പോലും ഇപ്പോള്‍ താല്പര്യമില്ലെന്നാണ് പ്രവാസ-സിനിമാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ദിലീപ് ഭരിച്ചിരുന്ന കാലത്ത് കൃത്യമായ അച്ചടക്കത്തോടെ നീങ്ങിയിരുന്ന പൊതുയോഗങ്ങളാണ് കഴിഞ്ഞദിവസം വെറുമൊരു പ്രഹസനമായി മാറിയത്. അടുത്ത ജനറല്‍ ബോഡി യോഗം തായ്ലന്‍ഡിലേക്ക് മാറ്റുമെന്ന ശ്വേതാ മേനോന്റെ ബാലിശമായ പ്രഖ്യാപനവും വരവുചെലവ് കണക്കുകളിലെ കടുത്ത സാമ്പത്തിക അപാകതകളുമാണ് സംഘടനയെ നാണക്കേടിലാക്കിയത്. സംഘടനയിലെ സാമ്പത്തിക അപാകതകളും ഭരണപരാജയങ്ങളും നടി അന്‍സിബ ഹസ്സന്‍ തെളിവ് സഹിതം അക്കമിട്ട് നിരത്തിയപ്പോള്‍ മറുപടിയില്ലാതെയാണ് ശ്വേതാ മേനോനും സംഘവും പടിയിറങ്ങിയത്.

ഓഡിറ്റര്‍ കണക്കുകള്‍ തള്ളിയതും, ട്രഷറര്‍ ഒപ്പിടാന്‍ വിസമ്മതിച്ചതുമെല്ലാം ഭരണം എത്രത്തോളം വഷളായിരുന്നു എന്നതിന് തെളിവാണ്. 17 അംഗങ്ങളുള്ള ഒരു സമിതിയെ ഒരുമിച്ച്‌ കൊണ്ടുപോകാന്‍ കഴിയാതെ പരസ്പരം ചെളിവാരിയെറിയുന്ന അവസ്ഥയിലേക്ക് ‘അമ്മ’ അധഃപതിച്ചു. ഉണ്ണി ശിവപാലിനെതിരെയുള്ള അന്യായമായ നടപടിയും ടിനി ടോം, ലക്ഷ്മിപ്രിയ എന്നിവരെ മുന്‍നിര്‍ത്തിയുള്ള ചേരിപ്പോരും യോഗത്തെ സങ്കീര്‍ണ്ണമാക്കി.

സംഘടനയെ രക്ഷിക്കാന്‍ കെ.ബി. ഗണേഷ് കുമാര്‍ ശ്രമിച്ചെങ്കിലും, പൊതുയോഗത്തിന്റെ വികാരം മാനിച്ചുകൊണ്ട് മോഹന്‍ലാല്‍ സ്വീകരിച്ച നിലപാടാണ് ശ്വേതയുടെ കസേര തെറിപ്പിച്ചത്. ഒടുവില്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെങ്കിലും, ‘അമ്മ’യെ അതിന്റെ പ്രതാപകാലത്തേക്ക് തിരികെ എത്തിക്കാന്‍ ദിലീപിനെപ്പോലെ സാമ്പത്തിക കാര്യങ്ങളിലും നയതന്ത്രത്തിലും കാര്യപ്രാപ്തിയുള്ള ഒരു നേതാവിന്റെ അഭാവം എപ്പോഴും നിഴലിച്ചു നില്‍ക്കുമെന്ന് തന്നെയാണ് ഈ കൂട്ടരാജി അടിവരയിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക