കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് നിന്ന് ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാജി സമർപ്പിച്ചത്.അദ്ദേഹത്തെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നില്ല. ജോർജ് കുര്യന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
സംഘടനാ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്താനാണ് ജോർജ് കുര്യന്റെ തീരുമാനം എന്ന സൂചനകളാണ് പുറത്തുവരുന്നത്. കേരളത്തില്‍ സജീവമായി പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ദേശീയ തലത്തിലോ കേരളത്തിലോ പുതിയ ചുമതല നല്‍കുമോയെന്ന കാര്യത്തില്‍ ബിജെപി നേതൃത്വം ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
മൂന്നാം മോദി മന്ത്രിസഭയില്‍ 2024 ജൂണ്‍ 9നാണ് ജോർജ് കുര്യൻ ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ നിർവാഹക സമിതി അംഗം, കോർ കമ്മിറ്റി അംഗം, പാർട്ടി വക്താവ് എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ ഓഫീസർ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ ചുവടുവയ്പ്പ് എന്തായിരിക്കുമെന്നതാണ് പാർട്ടി വൃത്തങ്ങളിലും കേരള രാഷ്ട്രീയത്തിലും ചർച്ചയാകുന്നത്.

















