അടൂർ പാർത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യൻ പുരോഹിതൻ പ്രവേശിച്ചതില്‍ ആചാരലംഘനമില്ലെന്ന് ഹൈക്കോടതി. തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം ആചാര ലംഘനമല്ലെന്ന അറിയിച്ച കോടതി, ക്ഷേത്രത്തില്‍ പ്രവേശിച്ചതില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളുകയും ചെയ്തു. ഓർത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേമാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
2033 സെപ്തംബർ ഏഴിനായിരുന്നു ശോഭ യാത്ര ഉദ്ഘാടനം ചെയ്യാൻ അതിഥിയായി ഡോ. സഖറിയാസ് മാർ അപ്രേം ക്ഷേത്രത്തിലെത്തിയത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് വരാൻ ഉള്ള അനുമതി നല്‍കിയതെന്ന് ഭാരവാഹികള്‍ കോടതിയെ അറിയിച്ചു. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്രസംസ്കാരത്തിൻ്റെ ഭാഗമാണ്. 1965-ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കുന്നില്ല. മറിച്ച് ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്.
നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നിലനില്‍ക്കില്ലെന്നും കോടതി അറിയിച്ചു. നിയമങ്ങള്‍ സാമൂഹിക ഐക്യം തകർക്കാനുള്ളതാകരുത്. പരസ്പര ബഹുമാനവും സഹവർത്തിത്വവും വളർത്താനാണ് നിയമങ്ങള്‍ ഉപയോഗിക്കേണ്ടത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന് സർക്കാരിന് പരിശോധിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

















