യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്ത്തനം താല്ക്കാലികമായി നിര്ത്തിവെച്ചു.അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകള് പാലിച്ച് അധികൃതര് സ്ഥിതിഗതികള് നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.വിമാനത്താവളത്തിന്റെ പ്രവര്ത്തനം നിര്ത്തിയതോടെ ദുബൈയില് നിന്നുള്ളതും ദുബൈയിലേക്കുള്ളതുമായ എല്ലാ എമിറേറ്റ്സ് വിമാന സര്വീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
യാത്രക്കാര് വിമാനത്താവളത്തിലേക്ക് വരരുതെന്ന് കര്ശന നിര്ദേശം നല്കിയിട്ടുണ്ട്. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും വലിയ പരിഗണന നല്കുന്നതെന്ന് എമിറേറ്റ്സ് വ്യക്തമാക്കി.ഏപ്രില് 30നോ അതിനുമുമ്പോ ഉള്ള യാത്രകള്ക്കായി വിമാന ടിക്കറ്റ് മാറ്റിയെടുക്കാവുന്നതാണെന്ന് എമിറേറ്റ്സ് അറിയിച്ചു. ട്രാവല് ഏജന്സികള് വഴി ബുക്ക് ചെയ്തവര് അവരുമായി ബന്ധപ്പെടുക. കമ്പനിയുടെ സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്തവര്ക്ക് emirat.es/support എന്ന ലിങ്ക് വഴി ടിക്കറ്റില് മാറ്റങ്ങള് വരുത്താം.റീഫണ്ട് ലഭിക്കാന്: ടിക്കറ്റ് റദ്ദാക്കി പണം തിരികെ ലഭിക്കാന് ആഗ്രഹിക്കുന്ന, നേരിട്ട് ബുക്ക് ചെയ്ത യാത്രക്കാര്ക്കും കമ്പനിയുടെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ട്രാവല് ഏജന്സികള് വഴി ബുക്ക് ചെയ്തവര് ഏജന്സികള് മുഖേന തന്നെയാണ് റീഫണ്ടിനായി ബന്ധപ്പെടേണ്ടത്.
യാത്രക്കാര് emirat.es/managebooking എന്ന വെബ്സൈറ്റ് വഴി തങ്ങള് നല്കിയിട്ടുള്ള ഫോണ് നമ്പറും ഇമെയില് ഉള്പ്പെടെയുള്ള വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പുതിയ അറിയിപ്പുകള്ക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാനും അധികൃതര് നിര്ദേശിച്ചു.
സിറ്റി ചെക്ക്‌ഇന് കൗണ്ടറുകളും അടച്ചു
വിമാനത്താവളത്തിന് പുറമെ, നഗരത്തിലുടനീളമുള്ള എമിറേറ്റ്സിന്റെ എല്ലാ സിറ്റി ചെക്ക്‌ഇന് പോയിന്റുകളുടെയും പ്രവര്ത്തനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്ണ്ണമായി അടച്ചിട്ടിരിക്കുകയാണ്.














