വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള ‘റെഡി-ടു-ഡ്രിങ്ക്’ (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ, കർണാടക, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും സജീവമായ പ്രമുഖ ബ്രാൻഡുകളുടെ ഇത്തരം ഉത്പന്നങ്ങൾ വരും മാസങ്ങളില്‍ കേരളത്തിലും ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലേക്ക് എത്താൻ സാധ്യതയുള്ള ലോ ആൽക്കഹോൾ കണ്ടന്റ് ബിവറേജുകൾ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • ബേക്കർഡി ബ്രീസർ: വോഡ്ക അടിസ്ഥാനമാക്കിയുള്ള, 4.8% മാത്രം വീര്യമുള്ള പഴച്ചാറുകള്‍ ചേർത്ത ജനപ്രിയ ഡ്രിങ്ക്.
  • ഇൻ എ കാൻ/മിസ്റ്റർ ജെറിസ്: കാനുകളിലും കുപ്പികളിലുമായി നേരിട്ട് ഉപയോഗിക്കാവുന്ന തരത്തില്‍ തയാറാക്കിയ പ്രീമിയം ക്രാഫ്റ്റ് കോക്ടെയിലുകള്‍ (വിസ്കി കോളിൻസ്, വോഡ്ക മ്യൂള്‍, നെഗ്രോണി മുതലായവ).
  • വൈല്‍ഡ് ഡ്രം & ഐഎസ്ടി: കലോറി കുറഞ്ഞ, കാർബണേറ്റഡ് വാട്ടറും ആല്‍ക്കഹോളും ചേർത്ത ‘ഹാർഡ് സെല്‍റ്റ്സർ’ വിഭാഗം.
  • മൂണ്‍ ഷൈൻ മെയ്ഡറി: തേൻ പുളിപ്പിച്ചുണ്ടാക്കുന്നതും 4 മുതല്‍ 7 ശതമാനം വരെ വീര്യമുള്ളതുമായ ‘മീഡ്’ ഡ്രിങ്കുകള്‍.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വരുമാന സ്രോതസ്സ്:

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഖജനാവിലേക്ക് പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്തുക എന്നതായിരുന്നു ബജറ്റ് തയാറാക്കുമ്പോള്‍ സർക്കാരിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. സാധാരണ വിദേശമദ്യത്തിന് (400 രൂപയ്ക്ക് മുകളില്‍) 251 ശതമാനവും ബിയറിന് 116 ശതമാനവുമാണ് നിലവിലെ വില്‍പ്പന നികുതി. ഇതില്‍ നിന്നും വ്യത്യസ്തമായി, പുതിയ കാറ്റഗറിക്ക് നിശ്ചയിച്ചിട്ടുള്ള 120%, 175% നികുതി നിരക്കുകള്‍ ഈ മേഖലയിലേക്ക് പുതിയ നിക്ഷേപകരെയും ഉപഭോക്താക്കളെയും ആകർഷിക്കുമെന്നും അതുവഴി സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി വർധിപ്പിക്കാൻ സാധിക്കുമെന്നുമാണ് ധനവകുപ്പിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും ശക്തമായ രാഷ്ട്രീയ ചർച്ചകള്‍ ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ ഈ നയം വൻകിട സ്വകാര്യ കമ്പനികള്‍ക്ക് വീര്യം കുറഞ്ഞ മദ്യം വൻതോതില്‍ ഉത്പാദിപ്പിക്കാനും വിപണനം നടത്താനും അവസരമൊരുക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. മുൻ എല്‍.ഡി.എഫ് സർക്കാർ കാർഷിക വിളകളില്‍ നിന്നും ധാന്യങ്ങളില്‍ നിന്നും ചെറുകിട വ്യവസായങ്ങളിലൂടെ മദ്യം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള ഉപഭോഗ സംസ്‌കാരത്തിലെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിനൊപ്പം സംസ്ഥാന ഖജനാവിലേക്ക് കൂടുതല്‍ വരുമാനമെത്തിക്കാനുള്ള പ്രായോഗിക ചുവടുവെപ്പായാണ് ഭരണപക്ഷം ഈ തീരുമാനത്തെ കാണുന്നത്. എക്സൈസ് വകുപ്പിന്റെ അന്തിമ അനുമതികള്‍ കൂടി ലഭ്യമാകുന്നതോടെ വരും മാസങ്ങളില്‍ പുത്തൻ ഉല്‍പ്പന്നങ്ങള്‍ ബെവ്കോ കൗണ്ടറുകളില്‍ എത്തിത്തുടങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക