പ്രകൃതിയിലെ ഒരു വലിയ അത്ഭുതമാണ് ‘ഹിമാലയൻ വയാഗ്ര’ എന്നറിപ്പെടുന്ന ഈ ഫംഗസ്. കോർഡിസെപ്സ് സൈനൻസിസ് എന്നറിയപ്പെടുന്ന ഈ ഫംഗസ് വെജിറ്റേറിയനാണോ, നോണ്‍ വെജിറ്റേറിയനാണോ എന്ന കാര്യത്തില്‍ ചെറിയ തർക്കത്തിന് സാധ്യതയുണ്ട്.മാംസമെന്നോ സസ്യമെന്നോ പറയാൻ ബുദ്ധിമുട്ടുണ്ട്. ലോകത്തിലെ സമ്പന്നരായ ആളുകള്‍ ഒരു ‘ജൈവ ലൈംഗിക ഉത്തേജക’മായി ഈ ഹിമാലയൻ വയാഗ്രയെ ഉപയോഗിക്കുന്നു.
ലഭ്യത വളരെ പ്രയാസമായതിനാല്‍ തന്നെ ലക്ഷങ്ങളാണ് ഇതിന്റെ വില. ഇരുപത് ലക്ഷം മുതല്‍ അറുപത് ലക്ഷം വരെ വിലയുണ്ട് ഒരു കിലോ ഹിമാലയൻ വയാഗ്രയ്ക്ക്. ‘യാർസഗുംബ’ (Yarsagumba) എന്നാണ് ഹിമാലയൻ പ്രദേശങ്ങളില്‍ ഇത് അറിയപ്പെടുന്നത്. ഇത് യഥാർത്ഥത്തില്‍ ഒരു കാറ്റർപില്ലർ ഫംഗസ് ആണ്. ടിബറ്റൻ ഭാഷയില്‍ ‘യാർസഗുംബ’ എന്ന വാക്കിന്റെ അർത്ഥം ‘വേനല്‍ക്കാലത്ത് പുല്ലും ശീതകാലത്ത് പുഴുവും’ എന്നാണ്. ഈ പേരില്‍ തന്നെ യാസർഗുംബയുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ഇവ രൂപപ്പെടുന്നത് തികച്ചും സങ്കീർണ്ണമായ ഒരു പ്രകൃതി പ്രതിഭാസത്തിലൂടെയാണ്. ഹിമാലയൻ മലനിരകളില്‍ കാണപ്പെടുന്ന ഒരു തരം നിശാശലഭങ്ങളുടെ ലാർവകളെ കോർഡിസെപ്സ് എന്ന ഫംഗസ് ബാധിക്കുന്നതോടെയാണ് ഈ പ്രക്രിയ ആരംഭിക്കുന്നത്.
തണുപ്പുകാലത്ത് മണ്ണടിയുന്ന പുഴുക്കളുടെ ശരീരത്തിനുള്ളില്‍ ഈ ഫംഗസ് വളരുന്നു. പുഴുവിന്റെ ആന്തരികാവയവങ്ങളെ ഈ ഫംഗസ് ഭക്ഷിച്ചുതീർക്കും. ഒടുവില്‍ വസന്തകാലമാകുമ്പോഴേക്കും പുഴു ചാവുകയും, അതിന്റെ തലയില്‍ നിന്ന് ഒരു പുല്‍ക്കൊടി പോലെ ഫംഗസ് മുകളിലേക്ക് വളർന്നു വരും. ഈ ഫംഗസും ചത്ത പുഴുവും ചേർന്ന രൂപമാണ് യാർസഗുംബ.
പരമ്പരാഗത ചൈനീസ്, ടിബറ്റൻ വൈദ്യശാസ്ത്രത്തില്‍ നൂറ്റാണ്ടുകളായി ഇത് ഫംഗസിനെ പ്രകൃതിദത്ത ലൈംഗിക ഉത്തേജകമായി ഉപയോഗിച്ചുപോരുന്നു. ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാനും, ലൈംഗിക ശേഷിയും താല്പര്യവും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന വിശ്വാസമാണ് ഇതിന് ‘ഹിമാലയൻ വയാഗ്ര’ എന്ന പേര് നേടിക്കൊടുത്തത്. കൂടാതെ, ശ്വാസകോശ രോഗങ്ങള്‍, വൃക്കരോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയ്ക്കും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനും ഇത് ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
അതെസമം ലൈംഗിക ഉത്തേജനപരമായി യാസർഗുംബയ്ക്ക് ഉണ്ട് എന്ന് പറയപ്പെടുന്ന ഗുണങ്ങള്‍ ഇനിയും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇതിനാവശ്യമായ പഠനങ്ങള്‍ അങ്ങനെ നടന്നിട്ടില്ല എന്നതാണ് വസ്തുത.
ലോകത്തിലെ ഏറ്റവും വിലകൂടിയ ജൈവവസ്തുക്കളില്‍ ഒന്നാണ് യാർസഗുംബ. അന്താരാഷ്ട്ര വിപണിയില്‍ ഗുണനിലവാരമനുസരിച്ച് കിലോഗ്രാമിന് 20 ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപ വരെ വിലവരാറുണ്ട്. ചൈന, സിംഗപ്പൂർ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇതിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്. നേപ്പാള്‍, ഭൂട്ടാൻ, ഇന്ത്യയിലെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഉയർന്ന ഹിമാലയൻ ഗ്രാമങ്ങളിലുള്ളവരുടെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ് ഈ ഫംഗസ് ശേഖരണം.
സമുദ്രനിരപ്പില്‍ നിന്ന് 3,500 മുതല്‍ 5,000 മീറ്റർ വരെ ഉയരമുള്ള പുല്‍മേടുകളില്‍ മെയ്, ജൂണ്‍ മാസങ്ങളിലെ മഞ്ഞുരുകുന്ന സമയത്താണ് ഇവ ശേഖരിക്കുന്നത്. അമിതമായ ചൂഷണവും ആഗോളതാപനവും കാരണം യാർസഗുംബയുടെ ലഭ്യത വർഷം തോറും കുറഞ്ഞുവരികയാണ്.





