ജി7 ഉച്ചകോടിക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി കെഞ്ചിയെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിൻ്റെ പ്രസ്താവന തള്ളി മെലോണി തന്നെ രംഗത്ത്.ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്നും മെലോണി മറുപടി നല്‍കി. ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ യുഎസ് – ഇറ്റലി ബന്ധവും ഉലയുകയാണ്. ട്രംപിൻ്റെ പ്രസ്താവനയെ അപലപിച്ച ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി, യുഎസ് സന്ദർശനം റദ്ദാക്കി.

ഇറ്റാലിയൻ ടെലിവിഷൻ ചാനലിനോട് സംസാരിക്കവെയായിരുന്നു ട്രംപിൻ്റെ അവകാശവാദം. ഫ്രാൻസില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ, മെലോണി തന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കെഞ്ചിയെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. “അവള്‍ എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ കെഞ്ചി. അവള്‍ക്ക് എന്നോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ അത്രയധികം ആഗ്രഹമുണ്ടായിരുന്നു. ഞാൻ അത് എടുക്കുമായിരുന്നില്ല, പക്ഷേ എനിക്ക് അവളോട് പാവം തോന്നി”- ട്രംപ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ട്രംപിൻ്റെ വാദം പൂർണമായും തള്ളുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. “ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന പൂർണമായും കെട്ടിച്ചമച്ചതാണ്. ഞാൻ ശരിക്കും അത്ഭുതപ്പെട്ടിരിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തന്റെ സഖ്യകക്ഷികളോട് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മാത്രമല്ല, ഇത് ആദ്യത്തെ തവണയുമല്ല”- മെലോണി പറഞ്ഞു.

പടിഞ്ഞാറൻ രാജ്യങ്ങളുടെയും യുഎസിൻ്റെയും ശത്രുക്കളോട് അദ്ദേഹം ഇതേ നിലപാട് കാണിക്കാത്തത് നിരാശാജനകമാണെന്നും മെലോണി പറഞ്ഞു. അവിടുത്തെ നേതാക്കളോട് അദ്ദേഹം കൂടുതല്‍ മയപ്പെടുത്തിയാണ് പെരുമാറുന്നത്. ട്രംപ് ഒരു കാര്യം ഓർക്കണമെന്നും താനോ ഇറ്റലിയോ ഒരിക്കലും യാചിക്കാറില്ലെന്നും മെലോണി കൂട്ടിച്ചേർത്തു.

ട്രംപിൻ്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ ആണ്, ജൂണ്‍ 22ന് നിശ്ചയിച്ചിരുന്ന യുഎസ് സന്ദർശനം ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അൻ്റോണിയോ തജാനി റദ്ദാക്കിയത്. ട്രംപിന്റെ പ്രസ്താവന ഗുരുതരവും അപകീർത്തികരവുമാണെന്നും ഇറ്റലിയെ അപമാനിക്കുന്നതാണെന്നും തജാനി വിമർശിച്ചു. നേരത്തെ, ലിയോ മാർപാപ്പയ്ക്കെതിരായ ട്രംപിൻ്റെ വിമർശനങ്ങള്‍ക്കെതിരെ മെലോണി രംഗത്തെത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക