മിക്ക ഇന്ത്യക്കാരുടെയും പ്രധാന പ്രശ്നമാണ് മാസാദ്യം അക്കൗണ്ടിലെത്തുന്ന ശമ്പളം എവിടേക്കാണ് പോകുന്നതെന്ന് അറിയാത്ത അവസ്ഥ.നിങ്ങളുടെ ശമ്പളം മാസം 25,000 രൂപയായാലും രണ്ടു ലക്ഷം രൂപയായാലും സാമ്പത്തിക അച്ചടക്കം ഇല്ലെങ്കില്‍ പണം തികയാതെ വരും. വലിയ കണക്കുകൂട്ടലുകളോ സങ്കീർണമായ സ്പ്രെഡ്ഷീറ്റുകളോ ഇല്ലാതെ തന്നെ കൃത്യമായി പണം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു ലളിതമായ ഫോർമുലയാണ് ’50-30-20 റൂള്‍’. കയ്യില്‍ കിട്ടുന്ന ശമ്പളത്തെ കൃത്യമായി മൂന്നായി തിരിക്കുന്നതാണ് ഈ രീതി. അവ ഏതൊക്കെയെന്ന് പരിശോധിക്കാം:
50% നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക്
നിങ്ങളുടെ കയ്യില്‍ കിട്ടുന്ന ശമ്പളത്തിന്റെ പകുതി, ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ക്കായി മാറ്റിവെക്കുക. വീട്ടുവാടക, ഇഎംഐ, പലചരക്ക് സാധനങ്ങള്‍, കറന്റ്-വാട്ടർ ബില്ലുകള്‍, ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, യാത്രാചെലവുകള്‍, കുട്ടികളുടെ സ്കൂള്‍ ഫീസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ ചെലവുകള്‍ ഒരിക്കലും ഒഴിവാക്കാനോ മാറ്റിവെക്കാനോ സാധിക്കാത്തവയാണ്.
30% ആഗ്രഹങ്ങള്‍ക്കും ജീവിതശൈലിക്കും
കഠിനാധ്വാനം ചെയ്ത് പണം സമ്പാദിക്കുന്നത് ജീവിതം ആസ്വദിക്കാൻ കൂടി വേണ്ടിയാണ്. നിങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനം ഇതിനായി ഉപയോഗിക്കാം. കുടുംബത്തോടൊപ്പമുള്ള ഡൈനിങ് ഔട്ട്, ഷോപ്പിങ്, ഒടിടി സബ്സ്ക്രിപ്ഷനുകള്‍, അവധിക്കാല യാത്രകള്‍, ഉത്സവ ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വിലകൂടിയ സ്മാർട്ട്ഫോണോ അവധിക്കാല യാത്രയോ ഇഎംഐ വഴി പ്ലാൻ ചെയ്യുന്നുണ്ടെങ്കില്‍ അതും ഈ 30 ശതമാനത്തില്‍ നിന്നാണ് അടയ്ക്കേണ്ടത്. കൃത്യമായ ഈ പരിധി നിശ്ചയിക്കുന്നതിലൂടെ, നിങ്ങളുടെ സമ്പാദ്യത്തെ ബാധിക്കാതെ തന്നെ യാതൊരു കുറ്റബോധവുമില്ലാതെ ജീവിതം ആസ്വദിക്കാൻ നിങ്ങള്‍ക്ക് സാധിക്കും.
20% നിങ്ങളുടെ ഭാവിക്ക് വേണ്ടി
ബാക്കിയുള്ള 20 ശതമാനം നിങ്ങളുടെ ഭാവിക്കായി നിക്ഷേപിക്കാനുള്ളതാണ്. ഉറങ്ങുമ്പോള്‍ പോലും നിങ്ങള്‍ക്ക് വേണ്ടി പണം സമ്പാദിക്കുന്ന വിഭാഗമാണിത്. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെൻഷൻ സിസ്റ്റം, എമർജൻസി ഫണ്ടുകള്‍ എന്നിവയ്ക്കായി ഈ തുക മാറ്റിവെക്കാം.
60-20-20 റൂള്‍:വൻകിട നഗരങ്ങളില്‍ ജീവിക്കുന്നവർക്ക് ഒരു മാറ്റം
ബെംഗളൂരു, മുംബൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ വരുമാനത്തിന്റെ പകുതിയും വീട്ടുവാടകയ്ക്കും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി ചെലവാകും. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ നഗരങ്ങളില്‍ വാടകയും ജീവിതച്ചെലവും കൂടുതലായതിനാല്‍ പലർക്കും 50 ശതമാനത്തില്‍ അടിസ്ഥാന കാര്യങ്ങള്‍ ഒതുക്കാൻ കഴിഞ്ഞില്ലെന്ന് വരും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് 60-20-20 റൂള്‍ പരീക്ഷിക്കാവുന്നതാണ്. അതായത്, 60% അടിസ്ഥാന ആവശ്യങ്ങള്‍ക്ക്, 20% ആഗ്രഹങ്ങള്‍ക്ക്, 20% സേവിങ്സ്.
ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അടിസ്ഥാന ആവശ്യങ്ങള്‍ വർധിക്കുമ്പോള്‍ ആഗ്രഹങ്ങള്‍ക്ക് മാറ്റിവെക്കുന്ന തുകയില്‍ കുറവ് വരുത്താം, എന്നാല്‍ സമ്പാദ്യത്തിനുള്ള 20 ശതമാനത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കുക എന്നതാണ്. എത്ര വരുമാനമുണ്ട് എന്നതിലല്ല, അത് എത്രത്തോളം അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് സാമ്പത്തിക വിജയം ഇരിക്കുന്നത്. നിങ്ങളുടെ ഓരോ രൂപയ്ക്കും ഓരോ ലക്ഷ്യം നല്‍കാൻ ഈ സിമ്പിള്‍ ഫോർമുലയിലൂടെ സാധിക്കും.





