രാജ്യത്തെ കറൻസി നിർമാണത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള കോട്ടണ്‍ അധിഷ്ഠിത പേപ്പർ നോട്ടുകള്‍ക്ക് പകരം ദീർഘകാലം ഈടുനില്‍ക്കുന്ന പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ നോട്ടുകള്‍ പുറത്തിറക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്.ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10, 20 രൂപയുടെ നോട്ടുകളായിരിക്കും ഇത്തരത്തില്‍ പ്ലാസ്റ്റിക്കില്‍ അച്ചടിക്കുക. രാജ്യത്ത് കറൻസിയുടെ ആവശ്യം കുത്തനെ ഉയർന്നതും നോട്ടുകളുടെ അച്ചടി-സംരക്ഷണ ചെലവ് കുറയ്ക്കുക എന്നതുമാണ് ഈ നീക്കത്തിന് പിന്നില്‍.

എന്തുകൊണ്ട് പ്ലാസ്റ്റിക് കറൻസി?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവില്‍ കോട്ടണ്‍-ലിനൻ മിശ്രിതം ഉപയോഗിച്ചാണ് ഇന്ത്യയില്‍ നോട്ടുകള്‍ നിർമിക്കുന്നത്. ഇത്തരം നോട്ടുകള്‍ ആളുകള്‍ മടക്കി ഉപയോഗിക്കുന്നതിനാലും വെള്ളം, പൊടി എന്നിവ കാരണവും 3-4 വർഷത്തിനുള്ളില്‍ മുഷിഞ്ഞുപോകുന്നു. എന്നാല്‍ പോളിമർ നോട്ടുകള്‍ക്ക് ഈ പ്രശ്നമില്ല. പേപ്പർ നോട്ടുകളേക്കാള്‍ മൂന്ന് മുതല്‍ നാല് മടങ്ങ് വരെ കൂടുതല്‍ കാലം പോളിമർ നോട്ടുകള്‍ ഈടുനില്‍ക്കും. ഇവ പൂർണ്ണമായും വാട്ടർപ്രൂഫ് ആണ്.2024-25 സാമ്പത്തിക വർഷത്തില്‍ മാത്രം മുഷിഞ്ഞതിനെ തുടർന്ന് 2,380 കോടി നോട്ടുകളാണ് ആർബിഐ വിപണിയില്‍ നിന്ന് പിൻവലിച്ചത് (ഇതില്‍ ഭൂരിഭാഗവും 500 രൂപ നോട്ടുകളായിരുന്നു.

നോട്ടുകള്‍ അടിക്കടിയായി മാറ്റുന്നത് വഴി വലിയ തുകയാണ് സർക്കാരിന് നഷ്ടപ്പെടുന്നത്. പ്ലാസ്റ്റിക് നോട്ടുകള്‍ വരുന്നതോടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാം. പോളിമർ നോട്ടുകളുടെ വ്യാജൻ നിർമിക്കുക എളുപ്പമല്ല. പ്ലാസ്റ്റിക് ആയതിനാല്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും സുതാര്യമായ വിൻഡോകളും ഇതില്‍ ഉള്‍പ്പെടുത്താൻ സാധിക്കും.

സാങ്കേതിക വെല്ലുവിളികള്‍ മാറി; എടിഎമ്മുകള്‍ സജ്ജം

മുൻപ് 2012-ല്‍ യുപിഎ സർക്കാരിന്റെ കാലത്ത് കൊച്ചി ഉള്‍പ്പെടെയുള്ള 5 നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ അന്ന് നോട്ടുകള്‍ കൈകാര്യം ചെയ്യുന്നതിലെ സാങ്കേതിക വെല്ലുവിളികള്‍ കാരണം പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സാങ്കേതികവിദ്യ വളരെയധികം വികസിച്ചതോടെ, പുതിയ പോളിമർ നോട്ടുകള്‍ തിരിച്ചറിയാനും എണ്ണാനും എടിഎം മെഷീനുകളെ എളുപ്പത്തില്‍ സജ്ജമാക്കാൻ സാധിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. അടുത്തിടെ നടന്ന ആർബിഐ ബോർഡ് യോഗങ്ങളില്‍ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.

ലോകരാജ്യങ്ങളിലെ പ്ലാസ്റ്റിക് നോട്ടുകള്‍

നിലവില്‍ ലോകത്തെ അറുപതോളം രാജ്യങ്ങള്‍ പോളിമർ നോട്ടുകള്‍ വിജയകരമായി ഉപയോഗിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും ശക്തമായ കറൻസിയായ അമേരിക്കൻ ഡോളർ ഇപ്പോഴും നിർമിക്കുന്നത് കോട്ടണ്‍-ലിനൻ മിശ്രിത പേപ്പർ ഉപയോഗിച്ചാണ്. ആർബിഐയുടെ പുതിയ പൈലറ്റ് പ്രൊജക്റ്റ് വിജയകരമായാല്‍ വൈകാതെ തന്നെ നമ്മുടെ കൈകളിലേക്കും കീറിപ്പോകാത്ത, നനയാത്ത പ്ലാസ്റ്റിക് നോട്ടുകള്‍ എത്തും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക