ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ഇന്ത്യൻ പ്രവാസികള്‍ക്ക് ഇത് വലിയ സാമ്ബത്തിക നേട്ടമായി മാറി.
റെക്കോർഡ് നേട്ടം; പണമയക്കാൻ തിരക്ക്
ഇതുവരെ ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് ഇത്. ശമ്ബള ദിവസങ്ങളായ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഈ റെക്കോർഡ് നേട്ടം കൈവന്നത് പ്രവാസി ഇന്ത്യക്കാർക്ക് ഇരട്ടി മധുരമായി. ഉയർന്ന തുക ഉപയോഗപ്പെടുത്തി പരമാവധി പണം നാട്ടിലേക്ക് അയക്കാനുള്ള തിരക്കിലാണ് നിലവില്‍ പ്രവാസി സമൂഹം. രൂപയുടെ മൂല്യം ഇടിയുന്നത് വിദേശ പണത്തിന് നേട്ടമാവുന്നത് കാരണം, ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്താനാണ് പ്രവാസികളുടെ ശ്രമം.
നാട്ടിലുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ സാമ്ബത്തിക സഹായമാകും.നേരത്തേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപ 90-ലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ 89.9475 എന്ന എക്കാലത്തെയും താഴ്ന്ന നിലയെയാണ് ഇത് മറികടന്നത്.
രൂപ കിതയ്ക്കുന്നു, കാരണം ഇത്: ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും, ദുർബലമായ വ്യാപാര-പോർട്ട്ഫോളിയോ പ്രവാഹങ്ങളുമാണ് രൂപയുടെ ഈ വലിയ തകർച്ചയ്ക്ക് കാരണം. ഈ ഘടകങ്ങള്‍ കറൻസിയെ തുടർച്ചയായി സമ്മർദ്ദത്തിലാക്കിയതോടെ ബുധനാഴ്ച രൂപക്ക് അതിജീവിക്കാൻ സാധിച്ചില്ല.രൂപയുടെ മൂല്യത്തകരച്ച ആഭ്യന്തര ഓഹരി വിപണികളിലും കാര്യമായ ആഘാതമേല്‍പ്പിച്ചു. നിഫ്റ്റി സൂചിക 26,000 എന്ന നിർണായക മാർക്കിന് താഴെയായി. സെൻസെക്സ് വ്യാപാരത്തില്‍ ഏകദേശം 200 പോയിൻ്റ് ഇടിഞ്ഞു.
കറൻസിയുടെ മൂല്യം ദുർബലമായത് പണപ്പെരുപ്പത്തെയും വിദേശ നിക്ഷേപകരുടെ പിൻവലിയലിനെയും കുറിച്ചുള്ള ആശങ്കകള്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം സ്ഥിരത കൈവരിക്കുന്നതിനും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളില്‍ വ്യക്തത വരുന്നതിനും വേണ്ടിയാണ് നിക്ഷേപകർ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.”ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകുമ്ബോള്‍ രൂപയുടെ മൂല്യത്തകർച്ച നിലയ്ക്കുകയും തിരിച്ചുവരികയും ചെയ്യും. ഇത് ഈ മാസം ഉണ്ടാകാനാണ് സാധ്യത. എങ്കിലും, കരാറിൻ്റെ ഭാഗമായി ഇന്ത്യയ്ക്ക് മേല്‍ ചുമത്തുന്ന താരിഫുകളുടെ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കും പല കാര്യങ്ങളും,” വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.












