ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആര്‍.ബി.ഐ. 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ പൂര്‍ത്തിയാവണമെങ്കില്‍ ഒരു മണിക്കൂര്‍ കഴിയണം.ഗൂഗ്ള്‍ പേ, ഫോണ്‍പേ, പേടിഎം പോലുള്ള യു.പി.ഐ ആപുകള്‍ വഴി 10,000 രൂപക്ക് മുകളിലയച്ചാല്‍ അത് അയക്കുന്നയാള്‍ക്ക് ലഭിക്കാന്‍ ഒരു മണിക്കൂര്‍ കഴിയും. ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്താണ്.
2025-ല്‍ ഏകദേശം 28 ലക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും ഇതിലൂടെ 22,931 കോടി രൂപ നഷ്ടപ്പെട്ടതായും റിസര്‍വ് ബാങ്ക് അറിയിച്ചു. 2024-ല്‍ റിപ്പോര്‍ട്ട് ചെയ്ത 24 ലക്ഷം കേസുകളിലായി 22,848 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകളെന്നും ആര്‍.ബി.ഐ കൂട്ടിച്ചേര്‍ത്തു.
വ്യാജ കോള്‍ സെന്ററുകള്‍, ഡീപ്‌ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആള്‍മാറാട്ടം, മ്യൂള്‍ അക്കൗണ്ട് ശൃംഖലകള്‍ (മറ്റൊരാളുടെ അക്കൗണ്ട് തട്ടിപ്പിനായി ഉപയോഗിക്കുന്ന രീതി) എന്നിങ്ങനെ വിവിധ തന്ത്രങ്ങളാണ് തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത്. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും, പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരെപ്പോലെയുള്ള ദുര്‍ബല വിഭാഗങ്ങളും ഇത്തരം എ.പി.പി തട്ടിപ്പുകള്‍ക്ക് ഇരയാകുന്നുണ്ട്,’ ആര്‍.ബി.ഐ വ്യക്തമാക്കി.
അതുകൊണ്ട് തന്നെ, ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശക്തമായ സംവിധാനങ്ങളും നടപടിക്രമങ്ങളും നടപ്പിലാക്കേണ്ടത് അടിയന്തര ആവശ്യമാണ്. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഈ ചര്‍ച്ചാ രേഖയിലൂടെ ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ അഭിപ്രായം തേടുകയാണെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.
എന്തുകൊണ്ട് കൂളിങ് പീരിഡ്
തട്ടിപ്പുകള്‍ തടയാന്‍ പണമയക്കുന്നയാളുടെ ഭാഗത്ത് നിന്ന് ചെറിയൊരു കാലാതാമസം അത്യാന്താപേക്ഷിതമാണ് ആര്‍.ബി.ഐ കരുതുന്നു. തട്ടിപ്പുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പണമയച്ചാലും ഒരു പുനരാലോചനക്കുള്ള സമയം കൂളിങ് പിരീഡിലൂടെ ലഭിക്കുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്. സൈബര്‍ തട്ടിപ്പുകളില്‍ നടക്കുമ്പോള്‍ ഭൂരിപക്ഷം ആളുകളും ഒറ്റത്തവണയായി കൈമാറുന്നത് പതിനായിരം രൂപക്ക് മുകളിലാണെന്ന് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. അതുകൊണ്ട് കൂടിയാണ് പതിനായിരം രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ആര്‍.ബി.ഐ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
ഈ കാലതാമസം പണം അയക്കുന്നയാളുടെ ഭാഗത്തോ, പണം സ്വീകരിക്കുന്നയാളുടെ ഭാഗത്തോ അല്ലെങ്കില്‍ ഇരുവശങ്ങളിലോ നടപ്പിലാക്കാം. എന്നാല്‍, നടപ്പിലാക്കുന്നതിലെ എളുപ്പം കണക്കിലെടുത്ത്, പണം അയക്കുന്നയാളുടെ ഭാഗത്ത് മാത്രം ഈ കാലതാമസം ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശിക്കുന്നത്,’ ആര്‍.ബി.ഐ അറിയിച്ചു.
ഈ സമയപരിധിയില്‍, പണം അയക്കുന്നയാളുടെ ബാങ്ക് താല്‍ക്കാലികമായി അക്കൗണ്ടില്‍ നിന്നും തുക കുറയ്ക്കുമെന്നും എന്നാല്‍ പണം അയക്കുന്നയാള്‍ക്ക് ഏത് കാരണത്താലാണെങ്കിലും ഇടപാട് റദ്ദാക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ആര്‍.ബി.ഐയുടെ അഭിപ്രായത്തില്‍, ഈ ഒരു മണിക്കൂര്‍ സമയപരിധി തട്ടിപ്പ് തടയുന്നതിലെ ‘ഗോള്‍ഡന്‍ അവര്‍’ എന്ന തത്വത്തിന് അനുയോജ്യമാണ്. ഒരു സാമ്പത്തിക തട്ടിപ്പ് നടന്നാല്‍, പണം നഷ്ടപ്പെടാതിരിക്കാന്‍ ഏറ്റവും നിര്‍ണ്ണായകമായ സമയമാണ് ഈ ആദ്യ മണിക്കൂര്‍.’ഈ സമയത്തിനുള്ളില്‍, പണം അയക്കുന്നയാളുടെ ബാങ്ക് ആ ഇടപാട് അസാധാരണമായതോ സംശയാസ്പദമായതോ ആണെന്ന് കണ്ടെത്തിയാല്‍, പണം അയക്കുന്നയാളില്‍ നിന്ന് വീണ്ടും സ്ഥിരീകരണം തേടാം.
ഈ സാഹചര്യത്തില്‍ ബാങ്ക് തങ്ങളുടെ സംശയത്തിന്റെ കാരണവും ആവശ്യമായ മുന്നറിയിപ്പുകളും ഉപഭോക്താവുമായി പങ്കുവെക്കും. ബാങ്ക് നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷവും ഉപഭോക്താവ് ഇടപാടുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ബാങ്ക് പണം കൈമാറും.’
കൂടാതെ, ചില ഇടപാടുകള്‍ അടിയന്തിരമായി ചെയ്യേണ്ടവയാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, ഈ സമയതാമസം ഒഴിവാക്കാന്‍ പണം അയക്കുന്നയാള്‍ക്ക് പ്രത്യേക അനുമതി നല്‍കാനുള്ള സൗകര്യവും നല്‍കാം. ഉദാഹരണത്തിന്, വൈറ്റ്‌ലിസ്റ്റിംഗ് രീതിയിലൂടെ ഇത് സാധ്യമാക്കാം. ഇടപാടുകള്‍ വൈറ്റ്‌ലിസ്റ്റ് ചെയ്യുന്നതിന് പകരമായോ അല്ലെങ്കില്‍ അതിനോടൊപ്പമോ, പണം സ്വീകരിക്കുന്ന വ്യക്തിയെത്തന്നെ വൈറ്റ്‌ലിസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും നല്‍കാം. ഇത്തരത്തില്‍ വൈറ്റ്‌ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അയക്കുന്ന പണത്തിന് ഈ സമയതാമസം ബാധകമായിരിക്കില്ല.

















