ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് റെഗുലറേറ്ററി ആവശ്യങ്ങള്‍ക്കും ഉപഭോക്തൃ ബോധവല്‍ക്കരണത്തിനും പരസ്യങ്ങള്‍ക്കുമായി അയക്കുന്ന എസ്‌എംഎസ് അലര്‍ട്ടുകള്‍ക്ക് ഇനി മുതല്‍ യാതൊരു ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ ഉത്തരവ്.നേരത്തെ ഇത്തരം സന്ദേശങ്ങള്‍ക്കായി ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ഓരോ പാദത്തിലും (മൂന്ന് മാസം) 15 മുതല്‍ 18 രൂപ വരെ ഈടാക്കിയിരുന്നു.500 രൂപയോ അതില്‍ താഴെയോ ഉള്ള ചെറിയ ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ബന്ധമായി എസ്‌എംഎസ് അലര്‍ട്ടുകള്‍ അയക്കണം എന്ന വ്യവസ്ഥയും ആര്‍ബിഐ ഒഴിവാക്കി.

കൂടാതെ, 500 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് എസ്‌എംഎസിന് പകരം വാട്‌സ്‌ആപ്പ് , ഇന്‍-ആപ്പ് പുഷ് നോട്ടിഫിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാനും ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ഇത് ബാങ്കുകള്‍ക്ക് തങ്ങളുടെ മെസ്സേജിങ് ചെലവ് കുറയ്ക്കാന്‍ സഹായിക്കും. എങ്കിലും എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉപഭോക്തൃ സേവന നിലവാരം നിലനിര്‍ത്തുന്നതിനും തട്ടിപ്പുകള്‍ തടയുന്നതിനുമായി ചെറിയ ഇടപാടുകള്‍ക്കും എസ്‌എംഎസ് അലര്‍ട്ടുകള്‍ തുടരാനാണ് സാധ്യത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ ഉത്തരവോടെ രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ ഫീസ് ഇനത്തിലുള്ള വാര്‍ഷിക വരുമാനത്തില്‍ 300 കോടി രൂപയുടെ വരെ ഇടിവ് ഉണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഏകദേശം 5 കോടിയിലധികം അക്കൗണ്ട് ഉടമകളുള്ള ഒരു വലിയ ബാങ്കിന് മാത്രം പ്രതിവര്‍ഷം 360 കോടി രൂപയോളം വരുമാന നഷ്ടം നേരിടേണ്ടി വന്നേക്കാം.എസ്‌എംഎസ് ചാര്‍ജ് ഈടാക്കാന്‍ കഴിയില്ലെങ്കിലും, ഈ ചെലവ് മറ്റ് വഴികളിലൂടെ ഈടാക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനായി അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജുകള്‍ വര്‍ധിപ്പിക്കുക, മിനിമം ബാലന്‍സ് പരിധി കൂട്ടുക, മറ്റ് ഇടപാടുകളുടെ ഫീസുകളില്‍ നേരിയ വര്‍ധന വരുത്തുക തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക