അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കകളെ തള്ളിക്കളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷാമിക രവി.ഡോളറിന് 100 രൂപയായാല്‍ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ് എന്ന ഷാമിക രവിയുടെ പ്രതികരണം വലിയ രീതിയില്‍ ചർച്ചയാവുകയാണ്.

വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാമികാ രവിയുടെ പ്രതികരണം. വിനിമയ നിരക്ക് ഒരു പ്രത്യേക നിലവാരത്തില്‍ തന്നെ നിലനിർത്താൻ ശ്രമിക്കുന്നതിനേക്കാള്‍, ആഗോള വിതരണ ശൃംഖലയിലുണ്ടാകുന്ന ആഘാതങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതെ കൈകാര്യം ചെയ്യുന്നതിനാണ് ഇന്ത്യ മുൻഗണന നല്‍കേണ്ടതെന്ന് ഷാമിക രവി വിശദമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിപണിയില്‍ അനാവശ്യമായി ഇടപെട്ട് രൂപയുടെ മൂല്യം ഒരു നിശ്ചിത നിരക്കില്‍ പിടിച്ചുനിർത്താൻ ശ്രമിച്ചാല്‍ അത് രാജ്യത്ത് വലിയ പണപ്പെരുപ്പത്തിനും മറ്റ് പ്രതിസന്ധികള്‍ക്കും കാരണമാകും. നിലവില്‍ വിപണി കൃത്യമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ വിപണിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷാമിക രവി വാദിച്ചു. അനാവശ്യമായ ഉപഭോഗം കുറയ്ക്കുന്നതിനും ധനകാര്യ അച്ചടക്കം പാലിക്കുന്നതിനും സർക്കാർ നല്‍കുന്ന പ്രാധാന്യവുമായി പൊരുത്തപ്പെടുന്നതാണ് ഈ സമീപനമെന്നും അവർ കൂട്ടിച്ചേർത്തു. ആഗോളതലത്തില്‍ വിതരണ തടസ്സങ്ങള്‍ ഉണ്ടാകുമ്പോള്‍ വിലക്കയറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഇത് ഡിമാൻഡ് അഥവാ ആവശ്യകതയെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യ ഇതിനകം തന്നെ തങ്ങളുടെ വിദേശനാണ്യ ശേഖരം ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. എത്ര കാലം ഈ ശേഖരത്തെ ആശ്രയിക്കാൻ കഴിയും എന്ന ചോദ്യത്തിന് ആവശ്യമുള്ളിടത്തോളം കാലം എന്നാണ് ഷാമിക രവി മറുപടി നല്‍കിയത്.

കഴിഞ്ഞ ദശകത്തില്‍ വലിയ ആഗോള പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി കാണിച്ചിട്ടുണ്ടെന്നും രാജ്യം സുസ്ഥിരമായ ഉയർന്ന വളർച്ചാ ഘട്ടത്തിലാണെന്നും ഷാമിക രവി വ്യക്തമാക്കി. ദക്ഷിണ കൊറിയ, വിയറ്റ്നാം, തായ്‌വാൻ, ചൈന തുടങ്ങിയ കയറ്റുമതിയെ മാത്രം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ വളർച്ച പ്രധാനമായും ആഭ്യന്തര ആവശ്യകതയെയും ഉപഭോഗത്തെയുമാണ് ആശ്രയിക്കുന്നത്. ഈ ഘടനയാണ് ബാഹ്യ സാമ്പത്തിക ആഘാതങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യയെ സഹായിക്കുന്നത്. സർക്കാരിന്റെ കൃത്യമായ ധനകാര്യ മാനേജ്‌മെന്റും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയെ കൂടുതല്‍ ശക്തമാക്കുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക