2026 ഐപിഎല്‍ സീസണില്‍ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ഫിനിഷ് ചെയ്തത്. അഞ്ച് വട്ടം ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ച് വെറും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഏതാനും മണിക്കൂർ അപ്രത്യക്ഷമായി.ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നതിന് മുൻപ് തന്റെ മുംബൈ ഇന്ത്യൻസിന്റെ ജഴ്സി ഊരി ഹർദിക് ആരാധകരുടെ നേരെ എറിഞ്ഞിട്ട് പോകുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഈ വീഡിയോയും താരത്തിന്റെ ഇൻസ്റ്റ അക്കൗണ്ട് ഡീആക്ടിവേറ്റ് ആയതും തമ്മില്‍ ബന്ധമുണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.
ഹർദിക്കിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് എന്തുപറ്റി എന്നതിനെക്കുറിച്ച് ഓണ്‍ലൈനില്‍ ഊഹാപോഹങ്ങള്‍ പരക്കുന്നതിനിടെ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത് മുംബൈയിലെ തന്റെ അവസാന സീസണ്‍ ആയിരിക്കുമെന്ന സൂചനയാണോ ഹർദിക് നല്‍കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
ലീഗ് പട്ടികയില്‍ കളിച്ച 14 മത്സരങ്ങളില്‍ നാല് എണ്ണത്തില്‍ മാത്രം വിജയിക്കുകയും 10 എണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്ത മുംബൈ, ഏറ്റവും അവസാന സ്ഥാനത്തുള്ള ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പം എട്ട് പോയിന്റുകളോടെ താഴെ നിന്ന് രണ്ടാമതായാണ് സീസണ്‍ അവസാനിപ്പിച്ചത്. പാണ്ഡ്യയുടെ വ്യക്തിഗത പ്രകടനവും അത്ര മികച്ചതായിരുന്നില്ല. 10 മത്സരങ്ങളില്‍ നിന്ന് 206 റണ്‍സ് നേടിയെങ്കിലും വെറും 138.25 സ്‌ട്രൈക്ക് റേറ്റിലാണ് ഹർദിക് കളി അവസാനിപ്പിച്ചത്.
ഇത് കഴിഞ്ഞ സീസണിലെ ഹർദിക്കിന്റെ 163.50 എന്ന സ്‌ട്രൈക്ക് റേറ്റില്‍ നിന്നും ഹർദിക് സാധാരണ നിലനിർത്താറുള്ള സ്‌ട്രൈക്ക് റേറ്റില്‍ നിന്നും വളരെ താഴെയാണ്. ബൗളിംഗിലും പാണ്ഡ്യക്ക് ഒൻപത് ഇന്നിംഗ്സുകളില്‍ നിന്ന് വെറും നാല് വിക്കറ്റുകള്‍ മാത്രമാണ് നേടാനായത്. ഒപ്പം 11.42 എന്ന ഉയർന്ന ഇക്കോണമിയിലാണ് ഹർദിക് സീസണ്‍ അവസാനിപ്പിച്ചത്.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് 2024 ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനാക്കിയത്. ഗുജറാത്ത് ടൈറ്റൻസിനെ അവരുടെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ കിരീടത്തിലേക്കും രണ്ടാം സീസണില്‍ ഫൈനലിലേക്കും നയിച്ചതിന് ശേഷമാണ് ഹർദിക് നായകനായി മുംബൈയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, ഈ പ്രക്രിയയിലൂടെ രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയ രീതിയില്‍ ആരാധകർ അസംതൃപ്തരായിരുന്നു.
ഇതെല്ലാം 2024 സീസണിലുടനീളം വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് ഹർദിക് പാണ്ഡ്യക്കെതിരെ കാണികള്‍ കൂവിവിളിക്കുന്നതിലേക്ക് നയിച്ചു. ഈ പ്രശ്നങ്ങള്‍ ടീമിന്റെ പ്രകടനങ്ങളെയും ബാധിക്കുകയും മുംബൈ പട്ടികയില്‍ ഏറ്റവും ഒടുവിലാവുകയും ചെയ്തു. 2024 ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിലെ ഹർദിക്കിന്റെ മികച്ച പ്രകടനത്തിന് ശേഷം തൊട്ടടുത്ത സീസണില്‍ മുംബൈ മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. അന്ന് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത അവർ എലിമിനേറ്ററില്‍ പഞ്ചാബ് കിംഗ്സിനോട് പരാജയപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ ഇന്ത്യക്കായി ഹർദിക് പ്രധാന പങ്കുവഹിച്ച മറ്റൊരു വിജയകരമായ ടി20 ലോകകപ്പ് കൂടി കടന്നുപോയെങ്കിലും ഇത്തവണ ഐപിഎല്ലില്‍ മുംബൈയ്ക്ക് മോശം സീസണാണ് ഉണ്ടായത്. രോഹിതിന്റെ ക്യാപ്റ്റൻസിയിലാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ അഞ്ച് ഐപിഎല്‍ കിരീടങ്ങളും നേടിയത്. എന്നാല്‍, 2020 ലെ തങ്ങളുടെ അവസാന കിരീടനേട്ടത്തിന് ശേഷം സ്ഥിരത നിലനിർത്താൻ മുംബൈ പാടുപെടുകയാണ്. ഐപിഎല്ലിന്റെ നിലവിലെ സീസണ്‍ ഉള്‍പ്പെടെ തുടർച്ചയായി ആറാം തവണയാണ് മുംബൈയ്ക്ക് കിരീടം നേടാനാകാതെ പോകുന്നത്. മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കിരീട വരള്‍ച്ചയാണിത്.

















