ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളില്‍ ഒന്നിലൂടെ വാംഖഡെ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചിരിക്കുകയാണ് പഞ്ചാബ് കിംഗ്സ് നായകന്‍ ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കാന്‍ ശ്രേയസ് നടത്തിയ അവിശ്വസനീയ ഫീല്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മുംബൈ ഇന്നിംഗ്സിലെ 18-ാം ഓവറിലായിരുന്നു സംഭവം.
മാര്‍ക്കോ യാന്‍സന്‍ എറിഞ്ഞ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ടൈമിംഗ് പിഴച്ചു. ലോങ് ഓണിലേക്ക് ഉയര്‍ന്ന പന്ത് പിടിക്കാന്‍ ഓടിയെത്തിയ ശ്രേയസ് അയ്യര്‍, വായുവില്‍ പിന്നിലേക്ക് ചാടിക്കൊണ്ട് പന്ത് കൈക്കലാക്കി. എന്നാല്‍ ബാലന്‍സ് തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷം, ശ്രേയസ് പന്ത് ലോങ് ഓഫില്‍ നിന്ന് ഓടിയെത്തിയ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റിന് കൈമാറി. ബാര്‍ട്ട്‌ലെറ്റ് അത് സുരക്ഷിതമായി കൈക്കലാക്കുകയും ചെയ്തു.
ശ്രേയസ് അയ്യരുടെ മെയ്‌വഴക്കത്തെ കമന്ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്ത്രി വാനോളം പുകഴ്ത്തി. ക്യാച്ചിന് പിന്നാലെ ഗാലറിയിലേക്ക് നോക്കി കൈകള്‍ ചെവിയോട് ചേര്‍ത്ത് വെച്ച് ‘എന്താണ് എല്ലാവരും നിശബ്ദരായത്?’ എന്ന അര്‍ത്ഥത്തില്‍ ശ്രേയസ് നടത്തിയ ആംഗ്യവും ശ്രദ്ധേയമായി. ശ്രേയസിന്റെ ഫീല്‍ഡിംഗ് കണ്ട രോഹിത് ശര്‍മ്മയ്ക്കും സൂര്യകുമാര്‍ യാദവിനും വിശ്വസിക്കാനായില്ല. ‘ഇതെങ്ങനെ സാധിച്ചു?’ എന്ന മട്ടില്‍ രോഹിത് കൈകള്‍ വായുവിലുയര്‍ത്തി ആശ്ചര്യം പ്രകടിപ്പിച്ചു. 12 പന്തില്‍ 14 റണ്‍സ് മാത്രം നേടി ഹാര്‍ദിക് പുറത്തായതോടെ മുംബൈയുടെ സ്‌കോറിംഗ് വേഗത കുറഞ്ഞു.

















