മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലെ ഇ.ഡി. റെയ്ഡില്‍ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണ്?പിണറായി വിജയന്റെ രണ്ടു വീടുകളിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ വീടുകളിലും ഇ.ഡി. റെയ്ഡ് നടന്ന സാഹചര്യത്തില്‍ എക്‌സാലോജിക് – സിഎംആര്‍എല്‍ വിഷയം ദേശീയശ്രദ്ധയാകര്‍ഷിക്കുന്ന രാഷ്ട്രീയപ്രശ്‌നമായി മാറിയിരിക്കുകയാണ്. ശക്തമായ പ്രതിരോധവുമായി സിപിഐഎമ്മും രംഗത്ത് വന്നതോടെ വലിയൊരു രാഷ്ട്രീയ പ്രശ്നമായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ബിജെപിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജും ശ്രദ്ധനേടുകയാണ്. ഷോണ്‍ നടത്തിയ നിയമപോരാട്ടങ്ങളാണ് വിഷയത്തിലേക്ക് മാധ്യമങ്ങളെ വലിയരീതിയില്‍ തിരിച്ചുവിട്ടത്. ഇതൊരു സാധാരണ പ്രശ്‌നമല്ലെന്നും കമ്പനി നിയമങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങളുടെ പരിധിയില്‍ വരുന്ന കുറ്റമാണെന്ന് ആരോപിച്ച്‌ കോടതികളില്‍ നിയമപോരാട്ടം ആരംഭിക്കുകയും മന്ത്രാലയങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തുകൊണ്ടാണ് ഷോണ്‍ വിഷയത്തിലേക്ക് കടന്നുവന്നത്. 2023 ആഗസ്റ്റില്‍ ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് പുറപ്പെടുവിച്ച ഒരു ഉത്തരവോടെ ശ്രദ്ധനേടിയ വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയാക്കി മാറ്റിയത് ഷോണിന്റെ ഇടപെടലിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ നികുതി റിട്ടേണുകള്‍ പരിശോധിച്ചപ്പോള്‍, അവര്‍ 2017-നും 2020-നും ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള ‘എക്‌സാലോജിക് സൊല്യൂഷന്‍സ്’ എന്ന ഐടി കമ്പനിക്കും മൊത്തം 1.72 കോടി രൂപ നല്‍കിയതായുള്ള ആദായനികുതി വകുപ്പ് കണ്ടെത്തലാണ് വിവാദത്തിന്റെ തുടക്കം.

ഐടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി നല്‍കിയ ബിസിനസ്സ് ചെലവുകളായാണ് സി.എം.ആര്‍.എല്‍ ഈ തുക രേഖപ്പെടുത്തിയത്. എന്നാല്‍, ഇതിന് പകരമായി എക്‌സാലോജിക് യാതൊരു സേവനവും നല്‍കിയിട്ടില്ലെന്ന് ബോര്‍ഡ് വിലയിരുത്തി. ഇതോടെ, ഈ തുക രാഷ്ട്രീയ സ്വാധീനത്തിനായി നല്‍കിയ മാസപ്പടിയാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.

കേരളത്തിലെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട ബിസിനസ്സ് ആവശ്യങ്ങള്‍ സുഗമമാക്കാനും രാഷ്ട്രീയ സംരക്ഷണം ഉറപ്പാക്കാനും വേണ്ടിയാണ് ഈ പണം നല്‍കിയതെന്നായിരുന്നു ഉയര്‍ന്ന വാദം. സോഫ്റ്റ്വെയറോ കണ്‍സള്‍ട്ടന്‍സി സേവനങ്ങളോ നല്‍കാതെ, സി.എം.ആര്‍.എല്ലില്‍ നിന്നും മറ്റ് ചില പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എക്‌സാലോജിക് പണം കൈപ്പറ്റിയെന്നാണ് ആരോപണം.

നിര്‍ബന്ധിത സാമ്പത്തിക ഫയലിംഗുകളില്‍ ഈ വരുമാനം വെളിപ്പെടുത്താത്തതിനെക്കുറിച്ചും നികുതിയിലെ അപാകതകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് വിവാദം കൂടുതല്‍ കത്തിച്ച്‌ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഷോണ്‍ജോര്‍ജ്ജ് നിയമപോരാട്ടവുമായി ഇറങ്ങിയത്. കേവലം ഒരു രാഷ്ട്രീയ വിവാദമായി അവസാനിക്കേണ്ടിയിരുന്ന കേസിനെ ശക്തമായ ഒരു നിയമപോരാട്ടമാക്കി ജനപക്ഷം നേതാവും മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജ് മാറ്റി. അദ്ദേഹം അനേകം ഹര്‍ജികള്‍ സമര്‍പ്പിച്ചു.

ഈ ഇടപാടുകളില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് കേരള ഹൈക്കോടതിയെയും വിവിധ കേന്ദ്ര മന്ത്രാലയങ്ങളെയും സമീപിക്കുകയായിരുന്നു. ഈ സാമ്പത്തിക ഇടപാടുകള്‍ കമ്പനി നിയമങ്ങളുടെ ലംഘനമാണെന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം വാദിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മറ്റ് പൊതുപ്രവര്‍ത്തകരുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് സാമൂഹിക പ്രവര്‍ത്തകരും പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്തു.

നിയമപരമായ സമ്മര്‍ദ്ദം ശക്തമായതോടെ, കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം വിഷയം ഏറ്റെടുക്കുകയും ഉന്നത അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തു. 2024-ന്റെ തുടക്കത്തില്‍, ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പ് അന്വേഷണ ഏജന്‍സിയായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സി.എം.ആര്‍.എല്‍, എക്‌സാലോജിക് കമ്പനികളുടെ സാമ്പത്തിക രേഖകളില്‍ എസ്.എഫ്.ഐ.ഓ ഇപ്പോള്‍ വിശദമായ പരിശോധന നടത്തിവരികയാണ്.

പിന്നാലെ പണത്തിന്റെ ഉറവിടം കണ്ടെത്താനും ഇത് കള്ളപ്പണം വെളുപ്പിക്കലാണോ എന്ന് പരിശോധിക്കാനുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ എസ്.എഫ്.ഐ.ഓ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച്‌ എക്‌സാലോജിക്കും സി.എം.ആര്‍.എല്ലും കര്‍ണാടക, കേരള ഹൈക്കോടതികളെ സമീപിച്ചു. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യാന്‍ കോടതികള്‍ തയ്യാറായില്ല.

ഇതോടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുമുള്ള നടപടികളുമായി കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് പോയി. കേരള മുഖ്യമന്ത്രിയുടെ മകള്‍ നേരിട്ട് ഉള്‍പ്പെട്ട കേസ് ആയതിനാല്‍, ഭരണകക്ഷിയായ എല്‍.ഡി.എഫും പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള പ്രധാന രാഷ്ട്രീയ പോരാട്ട വേദിയായി ഇതോടെ വിഷയം മാറി. എന്നാല്‍, ഇത് രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള തികച്ചും സുതാര്യവും നിയമപരവുമായ ബിസിനസ്സ് കരാര്‍ മാത്രമാണെന്നായിരുന്നു എല്‍ഡിഎഫിന്റെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക