സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് സീറോ’ (Project Zero) എന്ന പുതിയ മാസ് ആക്ഷൻ പദ്ധതി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അഴിമതി നടക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലോ മറ്റോ പകർത്തി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലില്‍ അപ്ലോഡ് ചെയ്യുന്ന പൊതുജനങ്ങള്‍ക്ക് 5,000 രൂപ പാരിതോഷികം നല്‍കുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം. അടുത്തിടെ ലഹരിമാഫിയക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷന് തൂഫാന്- ദ നാർക്കോ ഹണ്ട്’ എന്ന പദ്ധതിക്ക് തൊട്ടുപിന്നാലെയാണ് അഴിമതിക്കെതിരെയുള്ള വിജിലൻസിന്റെ ഈ വലിയ നീക്കം. വിജിലൻസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി വാർത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
‘പ്രോജക്‌ട് സീറോ’ പ്രവർത്തിക്കുന്നത് എങ്ങനെ?
പൊതുജന പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഭരണസംവിധാനം ഉറപ്പാക്കുകയാണ് ഈ സമഗ്ര കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഏതെങ്കിലും സർക്കാർ ജീവനക്കാരോ ഉദ്യോഗസ്ഥരോ കൈക്കൂലി ആവശ്യപ്പെടുകയോ അഴിമതി നടത്തുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് അതിന്റെ വീഡിയോ തെളിവുകള്‍ വിജിലൻസിന്റെ പോർട്ടലില്‍ സമർപ്പിക്കാം.ലഭിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വിജിലൻസ് അധികൃതർ കൃത്യമായി പരിശോധിച്ച് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടും.തെളിവുകള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ പരാതിക്കാരന് 5,000 രൂപ സമ്മാനത്തുകയായി കൈമാറും.അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരോ മറ്റ് വിശദാംശങ്ങളോ യാതൊരു കാരണവശാലും പുറത്തുവിടില്ല; ഇത് പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും.
‘അഴിമതിക്കാരായ ഒരൊറ്റ ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല’
അഴിമതിയില്ലാതെ സേവനങ്ങള്‍ ലഭ്യമാകുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് സർക്കാരിന്റെ ഔദാര്യമല്ലെന്നും മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.”കാലം മാറിയതനുസരിച്ച് അഴിമതിയുടെ രീതികളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഡിജിറ്റല്‍ അഴിമതികള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ‘പ്രോജക്‌ട് സീറോ’ വിഭാവനം ചെയ്തിരിക്കുന്നത്. അഴിമതി നടന്നതിന് ശേഷം അത് കണ്ടെത്തുന്നതിനേക്കാള്‍, അത് നടക്കാതെ തുടക്കത്തിലേ തടയുന്നതിനാകും ഇനി മുൻഗണന.” നല്‍ക്കുകയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 1969-ല്‍ നിർമ്മിച്ച വിജിലൻസ് മാനുവല്‍ കാലോചിതമായി പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ വിജിലൻസ് നടത്തുന്ന മിന്നല്‍ പരിശോധനകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി തുടരും.വിജിലൻസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രോജക്ട് സീറോയുടെ ഔദ്യോഗിക ലോഗോ പ്രകാശനം വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന് നല്‍കി മന്ത്രി നിർവഹിച്ചു. ആഭ്യന്തര വകുപ്പ് ഉപദേഷ്ടാവും മുൻ ഡിജിപിയുമായ എ. ഹേമചന്ദ്രൻ, വിജിലൻസ് ഐജി തോംസണ്‍ ജോസ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
















