വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി സന്ദർശനത്തിനെത്തിയ യുവതി വിതുര ചന്തമുക്ക് താവയ്ക്കല്‍ ആറ്റില്‍ വീണ് മുങ്ങിമരിച്ചു.തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കല്‍ ഹൗസില്‍ അനുപമ (26) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
പൊന്മുടി സന്ദർശനത്തിന് ശേഷം സുഹൃത്തിനൊപ്പം താവയ്ക്കല്‍ ആറ്റിന്റെ പടിക്കട്ടിലൂടെ നടക്കുന്നതിനിടയില്‍ അനുപമ അപ്രതീക്ഷിതമായി കാല്‍വഴുതി ആറ്റിലെ ആഴമേറിയ കയത്തിലേക്ക് വീഴുകയായിരുന്നു.ഈ സമയം സംഭവസ്ഥലത്തിന് സമീപമുണ്ടായിരുന്ന ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ ഉടൻ തന്നെ ആറ്റിലേക്ക് ചാടി അനുപമയെ കരയ്‌ക്കെത്തിച്ചു.
തുടർന്ന് ഉടനടി സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം നിലവില്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിതുര പോലീസ് സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.





