ഒരു കെട്ടിടം പണിയുമ്പോള്‍ അതിന്‍റെ അസ്ഥിവാരം മുതല്‍ കൃത്യമായ ആസൂത്രണമില്ലാതെ പണിതാല്‍ കെട്ടിടത്തിന് ബലക്കുറവുണ്ടാകും.ഇത് കെട്ടിടം താമസ യോഗ്യമല്ലാതാകും. ഇതൊരു വിശ്വാസമല്ല. ശാസ്ത്രീയമായ കാര്യമാണ്. പണി പൂർത്തിയായ ഒരു കെട്ടിടത്തിന്‍റെ പാതിയില്‍ വച്ച് അതിന്‍റെ ഘടനയില്‍ കാര്യമായ വ്യത്യാസം ഉണ്ടാക്കിയാലും ഇതേ പ്രശ്നം സംഭവിക്കാം.
പ്രവചനാതീതമായ കാലാവസ്ഥാ വ്യത്യാനമുള്ള സമയത്ത് പ്രത്യേകിച്ചും. അതുകൊണ്ട് തന്നെ അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാരായ സമൂഹ മാധ്യമ ഉപയോക്താക്കളെല്ലാം അമ്പരന്നു. പറഞ്ഞുവരുന്നത് സയൻസ് ഗേള്‍ എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയെ കുറിച്ചാണ്.
20 നില കെട്ടിടത്തിലെ ആറം നില
20 നിലകളുള്ള ഒരു ബഹുവില അപ്പാർട്ട്മെന്‍റിന്‍റെ ആറാം നിലയിലെ ബാല്‍ക്കണിയിലെ പ്രധാന തൂണ്‍ പൊളിച്ച് കളയുന്ന വീഡിയോയായിരുന്നു അത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഒരു പോലെ ഞെട്ടലും ആശങ്കയും ഉളവാക്കി. സമീപത്തെ മറ്റൊരു കെട്ടിടത്തില്‍ നിന്നും ചിത്രീകരിച്ച വീഡിയോയില്‍ കോണ്‍ക്രിറ്റ് തൂണ്‍ ഏതാണ്ട് പൂർണ്ണമായും പൊളിച്ച് കളഞ്ഞതായി കാണാം. ബാക്കിയായ ഭാഗം കൂടി തൊഴിലാളികള്‍ വലിയ കൂടം കൊണ്ട് അടിച്ച് തകർക്കുന്നു. അതിന്‍റെ കല്ലും സെമന്‍റും അടങ്ങിയ അവശിഷ്ടം താഴേക്ക് വീഴുന്നതും കാണാം. അതേസമയം താഴെ യാതൊരു സുരക്ഷാ മുന്നൊരുക്കവും നടത്തിയിട്ടില്ല. ആരെങ്കിലും ഈ സമയം താഴേ കൂടി പോയാല്‍ ആറാം വിലയില്‍ നിന്നും തെറിക്കുന്ന കല്ലും സിമന്‍റ് കഷ്ണങ്ങളും തലയില്‍ വീഴുമെന്ന് ഉറപ്പ്.
ഗുരുത്വാകർഷണം ഒരു മിഥ്യയോ?
വീഡിയോ വൈറലായതിന് പിന്നാലെ പലരും കെട്ടിടത്തിന്‍റെ സുരക്ഷയെ കുറിച്ച് ആശങ്കാകുലരായി. ഇത്തരം അടിസ്ഥാന മാറ്റങ്ങള്‍ കെട്ടിടത്തില്‍ വരുത്തുമ്പോള്‍ അതിന് പ്രത്യേക അനുമതിയും സുരക്ഷാ പരിശോധനയും ആവശ്യമില്ലേയെന്ന് ചിലർ സംശയം പ്രകടിപ്പിച്ചു. അധികാരികളുടെയോ അയല്‍ക്കാരുടെയോ അനുമതിയില്ലാതെ ഒരു റെസിഡൻഷ്യല്‍ സൊസൈറ്റിയില്‍ ഇത്തരം ജോലികള്‍ എങ്ങനെ നടക്കുമെന്ന് നിരവധി ഉപയോക്താക്കളാണ് ചോദിച്ചത്. ചിലർ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് എക്സിലെ എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനോട് ചോദിച്ചു. വീഡിയോ ചൈനയില്‍ നിന്നുള്ളതാണെന്നും 2026 ജനുവരി മുതല്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു ഗ്രോക്കിന്‍റെ മറുപടി. അപ്പാർട്ട്മെന്‍റിലെ താമസക്കാരൻ ഗുരുത്വാകർഷണത്തില്‍ വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം ഇനി മുതല്‍ അപ്പാർട്ട്മെന്‍റ് വില്‍ക്കുമ്പോള്‍ പുതുതായി എത്തുന്ന അയല്‍വാസിയുടെ ഐക്യു സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കാൻ പറയണമെന്ന് മറ്റൊരു കാഴ്ചക്കാരൻ തമാശയായി എഴുതി.

















