ഈആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം (Low-Pressure Area) നിലനില്‍ക്കുന്നു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമർദം കൂടുതല്‍ ശക്തിപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റർ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി (Upper air cyclonic circulation) നിലനില്‍ക്കുന്നു. 2026 മേയ് 14 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.
അടുത്ത 5 ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

















