കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേകം അലേട്ടുകള്‍ നല്‍കിയിട്ടില്ല.അതേസമയം വരുംദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലേർട്ടുകളുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂണ്‍ 29 തിങ്കളാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് നല്‍കിയിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.
യെല്ലോ അലേർട്ട്
- 27/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 28/06/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
- 29/06/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജാഗ്രത നിർദേശം
ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവർ അധികൃതരുടെ നിർദേശം അനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്ന് നിർബന്ധമായും ഉറപ്പാക്കണം, പകല്‍ സമയത്ത് അങ്ങോട്ട് മാറി താമസിക്കുകയും വേണം. ഇതിനായി തദ്ദേശ സ്ഥാപനത്തിലെയോ റവന്യൂ സ്ഥാപനത്തിലെയോ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരളം – കർണാടക – ലക്ഷദീപ് തീരങ്ങളില്‍ 27/06/2026 മുതല്‍ 29/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരളം – കർണാടക – ലക്ഷദീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റർ വരെയോ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്ന് സോമാലിയൻ തീരത്തും ഒമാൻ തീരത്തും തെക്ക് പടിഞ്ഞാറേ അറബിക്കടല്‍, മധ്യ പടിഞ്ഞാറേ അറബിക്കടല്‍, വടക്ക് പടിഞ്ഞാറേ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 – 55 കിലോമീറ്റർ വരെയോ ചില അവസരങ്ങളില്‍ 65 കിലോമീറ്റർ വരെയോ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൊങ്കണ്‍ തീരത്തും, ഗോവൻ തീരത്തും, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടല്‍ , തെക്കൻ തമിഴ്നാട് തീരം , ഗള്‍ഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം, തെക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആന്ധ്ര പ്രദേശ് തീരം , തെക്കൻ മ്യാന്മാർ തീരം എന്നിവിടങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെയോ ചില അവസരങ്ങളില്‍ 60 കിലോമീറ്റർ വരെയോ ശക്തമായ കാറ്റിനും സാധയതയുള്ളതിനാല്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

















