സ്കൂട്ടർ യാത്രയ്ക്കിടെ ഹാൻഡിലിന് സമീപമിരുന്ന പാമ്പിന്റെ കടിയേറ്റ് യുവതി ചികിത്സയില്‍. ചിറ്റാർ സ്വദേശി സോനു തോമസിനാണ് കഴിഞ്ഞ ദിവസം സ്കൂട്ടർ ഓടിച്ചുപോകുന്നതിനിടെ പാമ്പ് കടിയേറ്റത്.ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ശബ്ദം കേട്ട് നോക്കുന്നതിനിടെ പാമ്പ് പുറത്തേക്ക് വരികയും സോനുവിനെ കൊത്തുകയുമായിരുന്നു. ഉടൻതന്നെ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. നിലവില്‍ സോനു ചികിത്സയില്‍ തുടരുകയാണ്. യാത്ര ചെയ്ത് പോകവെ സ്കൂട്ടറിന്റെ മുൻവശത്തെ ഹാൻഡിലിന്റെ ഭാഗത്തുനിന്നുമാണ് പാമ്പ് പുറത്തേക്ക് വന്നത്.
മാന്നാറില്‍ വീടിന്റെ അടുക്കളയില്‍ യുവതിക്ക് കടിയേറ്റു
അതേസമയം വേനല്‍ച്ചൂട് കനത്തതോടെ മാന്നാറില്‍ ജനവാസ മേഖലകളില്‍ പാമ്പുശല്യം രൂക്ഷമാകുന്നു. കുരട്ടിശ്ശേരി വാന്യത്ത് പടിഞ്ഞാറേതില്‍ സുറുമിക്ക് (34) കഴിഞ്ഞദിവസം അണലിയുടെ കടിയേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് നില്‍ക്കുമ്പോഴാണ് സംഭവം. കാലില്‍ പെരുപ്പ് അനുഭവപ്പെട്ടതിനെത്തുടർന്ന് വീട്ടുകാരെ വിളിച്ചപ്പോഴാണ് അടുക്കളയില്‍നിന്ന് പുറത്തേക്കിറങ്ങുന്ന അണലിയെ കണ്ടത്. ഉടൻതന്നെ സുറുമിയുടെ പിതാവ് ഒരു കുപ്പി തുറന്നുവെച്ച് പാമ്പിനെ അതിനുള്ളിലാക്കി. തുടർന്ന് പാമ്പടങ്ങിയ കുപ്പിയുമായി സുറുമിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. സുറുമിയുടെ വീടിനോടുചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ചുകിടക്കുന്ന പറമ്പും വർഷങ്ങളായി തരിശുകിടക്കുന്ന പാടവുമാണ് ഇഴജന്തുക്കളുടെ താവളമെന്ന് നാട്ടുകാർ പറയുന്നു.
പറമ്പിലെ കാടുവെട്ടിത്തെളിക്കാൻ വാർഡ് മെമ്പർ കലാധരൻ കൈലാസം ഉള്‍പ്പെടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിട്ടും ഉടമകള്‍ തയ്യാറായിട്ടില്ല. പ്രദേശത്തെ കാടുകള്‍ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ, പത്രവിതരണക്കാരനായ അജീഷ് കൊടാകേരില്‍ കഴിഞ്ഞ ദിവസം പുലർച്ചെ പാമ്പുകടിയേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡ് പന്നായിക്കടവ് – മുല്ലശ്ശേരിക്കടവ് റോഡില്‍വച്ചാണ് ഇദ്ദേഹം മൂർഖൻ പാമ്പിനെ കണ്ടത്. രണ്ടാം വാർഡില്‍ പാവുക്കര പന്തലാറ്റില്‍പടി കൊച്ചുവീട്ടില്‍ റോഡില്‍ ഒരു കാറിനടിയില്‍നിന്ന് അണലി ഇറങ്ങിപ്പോകുന്നത് കണ്ടതായും ഇദ്ദേഹം വ്യക്തമാക്കി.

















