തിരക്കേറിയ തെരുവുകള്‍, വളരെ കളർഫുള്ളായ കാഴ്ചകള്‍, വിലപേശലുകള്‍. ഇന്ത്യയിലെ മാർക്കറ്റുകള്‍ ഒരിക്കലും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകള്‍ പോലെയല്ല, വളരെ വ്യത്യസ്തമാണത്.പലപ്പോഴും വിദേശത്ത് നിന്നെത്തുന്നവരെ ഇത് അമ്പരപ്പിക്കാറുണ്ട്. ഇന്ത്യയില്‍ താമസിക്കുന്ന കാറ്റി ശർമ്മ എന്ന അമേരിക്കൻ യുവതി പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
കഠിനമായ ചൂടിലും താൻ നടത്തിയ ഷോപ്പിംഗ് അനുഭവങ്ങളെ അമേരിക്കയിലെ രീതികളുമായി താരതമ്യം ചെയ്യുകയാണ് കാറ്റി. അമേരിക്കയിലെ ഷോപ്പിംഗ് രീതികളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ മാർക്കറ്റുകള്‍ വളരെ ബഹളം നിറഞ്ഞതാണ് എന്നാണ് കാറ്റി പറയുന്നത്.
‘ഇന്ത്യൻ മാർക്കറ്റുകള്‍ സാമൂഹികമായ കൂടിച്ചേരലുകള്‍ പോലെയാണ്. ഇവിടെ വിലപേശല്‍ സർവസാധാരണമാണ്, എന്നാല്‍ അമേരിക്കയില്‍ വില കൃത്യമായി നിശ്ചയിച്ചിട്ടുള്ളതാണ്. അമേരിക്കയിലെ സ്റ്റോറുകള്‍ എസി സൗകര്യങ്ങളുള്ളതും ശാന്തവുമാണെങ്കില്‍, ഇന്ത്യയില്‍ അത് തുറന്ന സ്ഥലത്തുള്ള ഉത്സവ പ്രതീതി നല്‍കുന്നവയാണ്’ എന്നാണ് കാറ്റി വീഡിയോയുടെ ക്യാപ്ഷനില്‍ കുറിച്ചിരിക്കുന്നത്.
40 ഡിഗ്രി ചൂടില്‍ നടത്തിയ ഷോപ്പിംഗിനിടെ താൻ രണ്ട് ടവ്വലുകള്‍ക്കായി 800 രൂപ നല്‍കിയെന്നാണ് കാറ്റി പറയുന്നത്. എന്നാല്‍, കാറ്റി ഇനിയും വിലപേശല്‍ പഠിക്കാനുണ്ട് എന്നും അതിന് അത്രയൊന്നും വിലയില്ലെന്നുമാണ് നെറ്റിസണ്‍സ് പ്രതികരിക്കുന്നത്. അത് ‘ടൂറിസ്റ്റ് പ്രൈസ്’ ആണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഷോപ്പിംഗിന് ശേഷം 90 രൂപയ്ക്ക് കഴിച്ച പനീർ ബ്രെഡ് പക്കോഡയാണ് തന്റെ ക്ഷീണം മാറ്റിയതെന്നും കാറ്റി വീഡിയോയില്‍ പറയുന്നു.
ഇന്ത്യയില്‍ പഴങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി പ്രത്യേകം വില്‍പനക്കാർ ഉണ്ട്, അമേരിക്കയില്‍ എല്ലാം ലേബല്‍ ചെയ്തതും ബ്രാൻഡഡും ഒരുപോലെയിരിക്കുന്നതും ആയിരിക്കും, ഇന്ത്യയില്‍ നിറങ്ങളും മണവും ശബ്ദവും കൊണ്ട് നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളെയെല്ലാം തൊട്ടുണർത്തുന്ന അനുഭവം കിട്ടും എന്നും കാറ്റി പറയുന്നു. ‘ഇന്ത്യൻ മാർക്കറ്റുകള്‍ വെറുമൊരു ഷോപ്പിംഗ് സ്ഥലമല്ല, അതൊരു വികാരമാണ്’ എന്നാണ് നെറ്റിസണ്‍സ് വീഡിയയോട് പ്രതികരിക്കുന്നത്.

















