കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂള്‍ ഓഫ് എൻജിനീയറിങ്ങില്‍ ബി ടെക് സിവില്‍ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ സുദർശന്റെയും ഷൈജയുടെയും മകള്‍ കെഎസ് ദർശന (21) ആണ് മരിച്ചത്.

സംഭവത്തില്‍ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പരീക്ഷ ഉണ്ടായിരുന്നെങ്കിലും ദർശന പരീക്ഷ എഴുതാനെത്തിയിരുന്നില്ലെന്ന് അധ്യാപകർ അറിയിച്ചു. പരീക്ഷ കഴിഞ്ഞ് ഒപ്പം താമസിക്കുന്ന വിദ്യാർഥിനി മുറിയിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പലവട്ടം വിളിച്ചിട്ടും പ്രതികരണമില്ലാതിരുന്നതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ പൊളിച്ച്‌ അകത്ത് കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത മാസം പരീക്ഷയുള്ളതിനാല്‍ കൂട്ടുകാരികളോടൊപ്പം ഹോസ്റ്റലില്‍ താമസിച്ച്‌ പഠിക്കണമെന്ന് പറഞ്ഞാണ് ഒരാഴ്ച മുൻപ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിവില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഒരാഴ്ചയ്ക്കിടെ ജീവനൊടുക്കുന്ന രണ്ടാമത്തെ കുസാറ്റ് ബി.ടെക് വിദ്യാർഥിയാണ് ദർശന. ഏപ്രില്‍ 22ന് ബി ടെക് ഇലക്‌ട്രിക്കല്‍ ആൻഡ് ഇലക്‌ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിയായ ഹരിപ്പാട് സ്വദേശി ഡി ധനുഷും മരിച്ചിരുന്നു. ഈ രണ്ട് വിദ്യാർഥികള്‍ മരിച്ച പശ്ചാത്തലത്തില്‍ സർവകലാശാലയില്‍ പ്രത്യേക ആലോചനാ യോഗം വിളിച്ചു. വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരിയുടെ നേതൃത്വത്തില്‍ അധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗം 5ന് സെനറ്റ് ഹാളില്‍ നടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക