അ‌ഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ.കെ റാമിനെ കോളേജില്‍ നിന്ന് പുറത്താക്കും. ഇന്ന് ചേർന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തിലാണ് ഡോ. റാമിനെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കാൻ തീരുമാനിച്ചത്. എന്നാല്‍, ഇക്കാര്യം കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

കണ്ണൂർ ഡെന്റല്‍ കോളേജിലെ അദ്ധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ റാം. നിതിൻ രാജിന്റെ ആത്മഹത്യയ്‌ക്ക് മുമ്പും ഇയാള്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയർന്നിരുന്നു. നിതിന്റെ ആത്മഹത്യയ്‌ക്ക് പിന്നാലെ കൂടുതല്‍ വിദ്യാർത്ഥികള്‍ റാമിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റാമിനെ സ്ഥാപനത്തില്‍ നിന്ന് സ്ഥിരമായി പുറത്താക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിതിൻ രാജിന്റെ മരണത്തില്‍ ഡോ. റാമിനൊപ്പം ആരോപണവിധേയയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും മാനേജ്‌മെന്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഡോ. റാമും ഡോ. സംഗീതയും നിലവില്‍ സസ്‌പെൻഷനിലാണ്. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്‌ത രണ്ട് കേസുകളില്‍ ഡോ. റാം പ്രതിയാണ്. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയും പട്ടികജാതി – പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോ. റാം ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ കണ്ണൂർ പാലയോടുള്ള ഡോ. റാമിന്റെ ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ പ്രവർത്തകർ മാർച്ച്‌ സംഘടിപ്പിച്ചു. ക്ലിനിക്ക് അടച്ചുപൂട്ടിയെന്ന ബോർഡും സ്ഥാപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക