ഗുജറാത്തിലെ അഹമ്മദാബാദില്‍ വീട്ടിലുണ്ടാക്കിയ ദോശ കഴിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത.മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (4) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ കടയില്‍ നിന്ന് വാങ്ങിയ റെഡിമെയ്ഡ് മാവുകൊണ്ട് ഉണ്ടാക്കിയ ദോശ കഴിച്ചാണ് കുട്ടികള്‍ മരണപ്പെട്ടത് എന്നാണ് പുറത്ത് വന്ന വിവരം. മരണത്തിന് പിന്നിലെ ഉത്തരങ്ങള്‍ കണ്ടെത്താൻ നുണപരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.
കുട്ടികളുടെ മാതാപിതാക്കളായ വിമല്‍ പ്രജാപതിയും ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മാതാപിതാക്കളും മുത്തശ്ശിമാരും നല്‍കുന്ന ഉത്തരങ്ങള്‍ സംശയം ജനിപ്പിക്കുന്നതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടികളുടെ പിതാവിനെ പൊലീസ് ഒന്‍പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിനിടെ, ദോശമാവ് കേടായതാണെന്ന വാദമാണ് പിതാവ് ആവർത്തിക്കുന്നത്. അതേസമയം, ഫോറന്‍സിക് റിപ്പോർട്ട് കിട്ടിയ ശേഷം കോടതിയുടെ അനുമതിയോടെ നുണപരിശോധന നടത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.
മാതാപിതാക്കളുടെ രക്തസാമ്പിളുകളില്‍ അലുമിനിയം ഫോസ്ഫേറ്റിന്റെയും സിങ്കിന്റെയും അളവ് അമിതമായി കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞു ഈ പദാർത്ഥങ്ങള്‍ എങ്ങനെയാണ് അവരുടെ ശരീരത്തില്‍ പ്രവേശിച്ചതെന്നും പെണ്‍മക്കളുടെ മരണത്തിന് ഇവ കാരണമായിട്ടുണ്ടോ പൊലീസ് പരിശോധിച്ചുവരികയാണ്. വീട്ടില്‍ നിന്ന് അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ സെല്‍ഫോസ് എന്ന കീടനാശിനിയുടെ പാക്കറ്റുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഇതും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുട്ടികളുടെ അമ്മ ഭാവനയെയും പൊലീസ് ചോദ്യം ചെയ്യും. നിലവില്‍ സംഭവം അപകടമാണോ കൊലപാതകമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഭാവന ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തതിനുശേഷം മാത്രമേ ഈ മുഴുവൻ കാര്യത്തെയും കുറിച്ചുള്ള സത്യം പുറത്തുവരൂ, തുടർന്ന് അവരുടെ ചോദ്യം ചെയ്യലിന്റെയും എഫ്‌എസ്‌എല്‍ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തില്‍ മരണത്തില്‍ വ്യക്തത വരുത്താനാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
കുട്ടികളുടെ പിതാവായ വിമല്‍ പ്രജാപതി തൊട്ടടുത്ത കടയില്‍ നിന്നാണ് നിന്നാണ് ദോശമാവ് കൊണ്ടുവന്നത്. അതില്‍ നിന്ന് ദോശ ഉണ്ടാക്കി കഴിച്ചതോടെ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഛര്‍ദിയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് കുട്ടികള്‍ മരിക്കുന്നത്. ഗുരുതരാവസ്ഥയിലായ മാതാപിതാക്കള്‍ തീവ്രപരിചണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
മരിച്ച കുട്ടികളുടെ അമ്മ ഭാവനയുടെ വീട് പരിശോധിച്ചപ്പോള്‍ ഡയറി കണ്ടെത്തിയിട്ടുണ്ട്, അതില്‍ ഒരു ആണ്‍കുട്ടി ജനിക്കാനുള്ള പ്രാർത്ഥനകളെക്കുറിച്ച് പരാമർശിച്ചിരുന്നു. അവർ ശിവക്ഷേത്രത്തില്‍ ഒരു നേർച്ചയും നടത്തിയിരുന്നു. എന്നാല്‍ രണ്ടാമത്തെ മകളുടെ ജനനത്തിന് മുന്‍പുള്ളതാണ് ഈ ഡയറിയെന്നാണ് കരുതുന്നത്. കൂടാതെ കുടുംബ തർക്കങ്ങള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
അതേസമയം നിരവധി ഉപഭോക്താക്കള്‍ ദിവസവും മാവ് വാങ്ങാറുണ്ടെന്ന് ഡയറി ഷോപ്പിന്റെ ഉടമ ഘനശ്യാം ഷാ പറഞ്ഞു. എന്നിരുന്നാലും, ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.










