രോഗിയുമായി ദീർഘകാലം ലൈംഗികബന്ധം പുലർത്തിയെന്നാരോപണത്തെ തുടർന്ന് സിഡ്നിയിലെ ഡോക്ടറുടെ മെഡിക്കല്‍ ലൈസൻസ് റദ്ദാക്കി.ഡോ. മരിയ ബാസ്റ്റാസിനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. എൻഎസ്ഡബ്ല്യു സിവില്‍ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ആണ് അന്തിമ നടപടി എടുത്തത്.
മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന രോഗിയുമായി ആവർത്തിച്ച് ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.2015ല്‍ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് മരിയയുടെ അടുത്ത് ചികിത്സ തേടി രോഗി എത്തിയത്. മനഃശാസ്ത്രജ്ഞന്റെ നിർദേശപ്രകാരം ഇയാള്‍ മരിയയെ സമീപിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഡോക്ടർ രോഗിയെ സ്വകാര്യമായി സമീപിക്കുകയും പിന്നീട് ബന്ധം വ്യക്തിപരമായ തലത്തിലേക്ക് മാറുകയും ചെയ്തതായി കണ്ടെത്തി. കാറിലും കണ്‍സള്‍ട്ടിങ് റൂമിലുമുള്‍പ്പെടെ പല സ്ഥലങ്ങളിലും ആഴ്ചയില്‍ പല തവണ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ടിരുന്നതായി രോഗി മൊഴി നല്‍കി.
2018 തുടക്കം വരെ ബന്ധം തുടരുകയും ഈ കാലയളവില്‍ ഡോക്ടർ രോഗിയെ വീട്ടിലേക്ക് ക്ഷണിക്കുകയും വിലയേറിയ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തതായും ട്രൈബ്യൂണലില്‍ വെളിപ്പെട്ടു. പിന്നീട് ബന്ധം അവസാനിച്ചതോടെ രോഗി ഗുരുതരമായ മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചുവെന്നും മദ്യപാനവും പുകവലിയും ആരംഭിച്ചതായും അറിയിച്ചു.
2022ല്‍ ഹെല്‍ത്ത് കെയർ കംപ്ലയിന്റ് കമ്മീഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആരോപണങ്ങള്‍ ഡോക്ടർ നിഷേധിച്ചുവെങ്കിലും, അന്വേഷണത്തില്‍ അവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. മുൻപ് സമാന സ്വഭാവത്തിലുള്ള ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള ഡോക്ടറുടെ ലൈസൻസ്, കഴിഞ്ഞ വർഷം കുറ്റക്കാരിയെന്ന് വിധിച്ചതിന് പിന്നാലെ, ഒടുവില്‍ റദ്ദാക്കുകയായിരുന്നു.സംഭവം മെഡിക്കല്‍ മേഖലയിലെ നൈതികതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകള്‍ക്ക് വഴിവെക്കുകയാണ്.

















