മലയാള സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ച് അന്വേഷണവുമായി അല്‍ ജസീറ ഡോക്യുമെന്‍ററി. ലൈംഗിക പീഡനം നേരിട്ട നടിമാര്‍ മുതല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ വരെയുള്ളവരുടെ ഞെട്ടിക്കുന്ന അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍റി ഒരുക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിനെക്കുറിച്ചും ഡോക്യുമെന്‍റററിയില്‍ പ്രതിപാദിക്കുന്നുണ്ട്. കേസില്‍ പ്രതിയാക്കപ്പെട്ടതിന് ശേഷവും എട്ടാം പ്രതി കൂടിയായ ദിലീപ് മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടെന്നും ഈയിടെ അദ്ദേഹം നായകനായ സിനിമ പുറത്തിറങ്ങിയെന്നും ഡോക്യുമെന്‍ററിയില്‍ ചൂണ്ടിക്കാട്ടുന്നു.
”ഒരു മേക്കപ്പ് അസിസ്റ്റന്‍റ് എന്നെ വിളിച്ചുവരുത്തി ഭയങ്കര സെക്ഷ്വലായിട്ട് എന്‍റെ ശരീരത്തെക്കുറിച്ച് സംസാരിച്ചു. ഞാനപ്പോള്‍ ഭയങ്കര ചീത്ത വിളിച്ചിട്ട് അവിടുന്ന് ഇറങ്ങിപ്പോന്നു. പിന്നെ ഞാൻ പ്രശ്നക്കാരിയാണെന്ന് പറഞ്ഞിട്ട് എന്നെ അവിടെ നിന്നും പുറത്താക്കി. വേറൊരു മേക്കപ്പ് അസിസ്സറ്റന്‍റ് നമ്മള്‍ എവിടെയെങ്കിലും ഇരുന്നാല്‍ വയറില്‍ വന്ന് തോണ്ടും, മടിയില്‍ വന്നിരിക്കും. ഭയങ്കര പ്രശ്നമുണ്ടായപ്പോഴാണ് യൂണിയനില് വിളിച്ചുപറഞ്ഞത്” മേക്കപ്പ് ആര്‍ട്ടിസ്റ്റായ രോഹിണി പറയുന്നു.
മലയാള സിനിമയെ ലോകസിനിമക്ക് മുന്നില്‍ നാണം കെടുത്തുന്ന വിവരങ്ങളായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം പുറത്തുവന്നത്. സിനിമയിലെ ഒരു മേഖലയിലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോര്‍ട്ടിലെ ഓരോ മൊഴികളും. റിപ്പോര്‍ട്ടിന് ശേഷം 27ലധികം ലൈംഗിക പീഡന പരാതികളാണ് മോളിവുഡില്‍ നിന്നും പുറത്തുവന്നത്. പ്രമുഖ താരങ്ങള്‍ക്കെതിരെയായിരുന്നു പീഡന പരാതികള്‍. മലയാള സിനിമയിലെ പ്രമുഖരായ മുകേഷ്, സിദ്ദിഖ്, രഞ്ജിത്ത്, ഗണേഷ്, ജയസൂര്യ എന്നിവര്‍ക്കതിരെയായിരുന്നു ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നല്‍കിയ മൊഴികള്‍ ഞെട്ടിക്കുന്നതായിരുന്നു. സിനിമയിലെ യുവതാരങ്ങളില്‍ പലരും സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്ന് കമ്മിറ്റി കണ്ടെത്തിയിരുന്നു. അതിനിടയില്‍ മൊഴി കൊടുത്തവര്‍ക്ക് കേസുമായി മുന്നോട്ടുപോകാൻ താല്‍പര്യമില്ലാത്ത സാഹചര്യമിവല്ലാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാനാണ് പൊലീസ് നീക്കമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. 35 കേസുകളാണ് പ്രത്യേകാന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. 21 എണ്ണം നേരത്തേ ഒഴിവാക്കി. ബാക്കിവന്ന 14 കൂടി അവസാനിപ്പിച്ച് കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നായിരുന്നു വിവരം.

















