മോഷണത്തിനിടെ സംഭവിക്കുന്ന അബദ്ധങ്ങള്‍ വലിയ തമാശയ്ക്ക് വക നല്‍കാറുണ്ട്. പ്രത്യേകിച്ചും മോഷണം പരാജയപ്പെടുകയാണെങ്കില്‍.അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ കഴി‌ഞ്ഞ് ദിവസം വൈറലായി. ഗാസിയാബാദിലെ ഒരു ക്ലിനിക്കില്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ തല ഷട്ടറിനും ചുമരിനും ഇടയില്‍ കുടുങ്ങിപ്പോയ ഒരു കള്ളന്‍റെ വീഡിയോയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഓർത്തോർത്ത് ചിരിപ്പിച്ചത്.

ജീവനക്കാർ രാവിലെ കണ്ട കാഴ്ച

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഇന്ദിരാപുരത്തെ അഭയ് ഖണ്ഡ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡോ. പവൻ ശർമ്മയുടെ ഉടമസ്ഥതയിലുള്ള ക്ലിനിക്കിലെ ജീവനക്കാർ രാവിലെ ക്ലിനിക്ക് തുറക്കാനെത്തിയപ്പോഴാണ് ആ അസാധാരണമായ കാഴ്ച കണ്ടത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യത്തിന്‍റെ ഗൗരവം മനസിലായതോടെ അവർ രക്ഷാപ്രവ‍ർത്തനത്തിന് ഇറങ്ങി. ക്ലിനിക്കിലെത്തിയ ജീവനക്കാർ സ്ഥാപനത്തിന്‍റെ ഷട്ടർ തുറക്കാൻ ശ്രമിച്ചപ്പോള്‍ അത് തുറക്കാൻ കഴിഞ്ഞില്ല. എന്തോ കാരണത്താല്‍ ഷട്ടർ ജാമായതാണെന്ന് അവർ കരുതി. എന്നാല്‍, പിന്നാലെ ഒരു ഞരക്കം കേട്ടപ്പോള്‍ അവർ പരിശോധന നടത്തി. അപ്പോഴാണ് ഷട്ടറിനും മുകളിലെ ചുമരിനും ഇടയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. അയാളുടെ ശരീരം ഏതാണ്ട് മുഴുവനും അപ്പുറത്തായിരുന്നു. എന്നാല്‍ തല ഷട്ടറിനും മുകളിലെ ചുമരിനും ഇടയില്‍ കുടുങ്ങിക്കിടന്നു. പിന്നാലെ ഡോക്ടറെയും പോലീസിനെയും വിളിച്ച്‌ ജീവനക്കാർ വിവരം പറഞ്ഞു.

അകത്തുമല്ല പുറത്തുമല്ല

പിൻ വാതില്‍ തുറന്ന പോലീസ് ക്ലിനിക്കിന് അകത്ത് കയറിയപ്പോള്‍ ശരീരം ഏതാണ്ട് മുഴുവനും ഒരു ഭാഗത്തേക്കും തല കുടുങ്ങിയ നിലയിലായ ഒരു കൗമാരക്കാരനെ കണ്ടെത്തി. അഗ്നിശമന സേനാംഗങ്ങള്‍ ഉടൻ തന്നെ സ്ഥലത്തെത്തി ശ്രദ്ധാപൂർവ്വം രക്ഷാപ്രവർത്തനം ആരംഭിച്ചു. കൗമാരക്കാരന് അടുത്തേക്ക് എത്താൻ അവർ ഉപകരണങ്ങളും എണിയും ഉപയോഗിച്ചു. ചിലർ അവന്‍റെ ശരീരം അനങ്ങാതെ പിടിച്ച്‌ വച്ചു. മറ്റുള്ളവർ ഈ സമയം ഷട്ടറിലെ നെട്ടുകളും ബോള്‍ട്ടുകളും ഇളക്കിത്തുടങ്ങി. ഒടുവില്‍ ഉച്ചയോടെ ഒരു വിടവ് ലഭിച്ചപ്പോള്‍ അവർ അവനെ സുരക്ഷിതമായി താഴെ ഇറക്കി. കൗമാരക്കാരന്‍റെ മുഖത്ത് ചില പരിക്കുകള്‍ ഒഴിച്ചാല്‍ വലിയ മുറിവുകളൊന്നുമില്ലായിരുന്നു. പിന്നാലെ പ്രാഥമിക ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയില്‍ അവനെ എത്തിച്ചു. അവന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. രാത്രി മോഷണത്തിനായി ഷട്ടറിന് ഇടയിലൂടെ നൂണിറങ്ങാൻ ശ്രമിച്ചപ്പോഴാകാം തല കുടുങ്ങിയതെന്ന് പോലീസ് പറയുന്നു. മോഷണം നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.

ചിരിച്ച്‌ മറിഞ്ഞ് നെറ്റിസെണ്‍സ്

സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടി. ചില‍ർ കൗമാരക്കാരനെ കുറിച്ച്‌ ആശങ്ക പങ്കുവച്ചപ്പോള്‍ മറ്റ് ചിലർ തമാശക്കുറിപ്പുകളും മീമുകളുമായെത്തി. എന്ത് മോഷണമാണിതെന്നായിരുന്നു ഒരു കുറിപ്പ്. അവന് അപ്പോള്‍ തന്നെ കർമ്മഫലം ലഭിച്ചെന്ന് മറ്റൊരു കാഴ്ചക്കാരൻ എഴുതി. നൈറ്റ് ഷിഫ്റ്റിന് എത്തിയതാണ് പക്ഷേ. പെട്ടെന്ന് പ്രമോഷൻ ലഭിച്ചപ്പോള്‍ അവിടെ കുടുങ്ങിപ്പോയെന്ന് മറ്റൊരാള്‍ പരിഹസിച്ചു. അവന് ശിക്ഷ കിട്ടിയതിനാല്‍ വിട്ടയക്കണമെന്ന് മറ്റ് ചിലർ ആവശ്യപ്പെട്ടു. ഇനി ജയിലിലെ ഭക്ഷണം കഴിക്കാമെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. അതേസമയം അവൻ മോഷ്ടിക്കാനുണ്ടായ സാഹചര്യത്തെ കൂടി നമ്മള്‍ മനസിലാക്കണമെന്ന് ഒരു കാഴ്ചക്കാരൻ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക