കെ. മുരളീധരൻ കോണ്‍ഗ്രസ് ചാവേറാകുന്നത് ഇഷ്ടമല്ലെന്ന് മകൻ അരുണ്‍ നാരായണ്‍ പറഞ്ഞു. വിയോജിപ്പ് അച്ഛനോട് തന്നെ പറഞ്ഞിട്ടുണ്ട്.പക്ഷേ യുദ്ധത്തിന് ഇറങ്ങുന്ന പോരാളിയോട് പറഞ്ഞിട്ട് കാര്യമില്ലല്ലോയെന്നും തീരുമാനിച്ചു കഴിഞ്ഞാല്‍ അച്ഛന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുമെന്നും അരുണ്‍ പറഞ്ഞു.
വട്ടിയൂർക്കാവില്‍ കെ. മുരളീധരന് വിജയം ഉറപ്പാണ്. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ പോയതില്‍ കുടുംബത്തിന് സങ്കടമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു അത്. നമ്മുടെ ആശയവുമായി ഒരിക്കലും യോജിച്ചു പോകുന്ന തീരുമാനമല്ല അത്. തെറ്റ് തിരിച്ചറിഞ്ഞ് പദ്മജ തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ നാരായണ്‍ പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂർക്കാവില്‍ നിന്നാണ് കെ. മുരളീധരൻ ജനവിധി തേടുന്നത്. രൂപീകരിക്കപ്പെട്ടതു മുതല്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വി.കെ. പ്രശാന്ത് വിജയം ആവര്‍ത്തിക്കുകയായിരുന്നു. 2019ല്‍ കെ. മുരളീധരന്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിക്കാന്‍ പോയതിനെ തുടര്‍ന്നാണ് വട്ടിയൂർക്കാവില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

















