കോണ്‍ഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിയില്‍ വലിയ അടിയും പ്രശ്നവും ഇല്ലാത്തതിനാല്‍ സമാധാനമുണ്ടെന്നും തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാല്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമെത്തുന്നത് തൃശൂരില്‍ ആണ്. അദ്ദേഹത്തോട് നന്ദിയുണ്ട്. താൻ കണ്ടതില്‍ ആളുകള്‍ക്ക് ഏറ്റവും താല്പര്യം മോദിയോടാണെന്നും പത്മജ പറഞ്ഞു.
സുരേഷ് ഗോപി പ്രചാരണത്തില്‍ എപ്പോഴും കൂടെയുണ്ട്. എവിടെയെങ്കിലും എന്തെങ്കിലും കുറവ് വന്നാല്‍ ആദ്യം അദ്ദേഹം വിളിച്ചുപറയും. കോണ്‍ഗ്രസില്‍ ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാള്‍ മികച്ച ആളുകള്‍ ഉണ്ടായിരുന്നു. തനിക്ക് അനുകൂലമായ സമീപനമാണ് വോട്ടർമാരില്‍ നിന്നുണ്ടാവുന്നതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോള്‍ പാവം തോന്നും. തന്നോട് ചെയ്തതു പോലെ പിന്നില്‍ നിന്ന് കുത്തല്‍ അദ്ദേഹവും നേരിടുന്നുണ്ട്. കോക്കസുകളുടെ കയ്യിലാണ് കോണ്‍ഗ്രസ്, പ്രത്യേകിച്ച് തൃശൂരിലെ കോണ്‍ഗ്രസ്. ആള്‍ക്കാർക്ക് കോണ്‍ഗ്രസില്‍ നില്‍ക്കാൻ പറ്റില്ല. ഇനിയും കൊഴിഞ്ഞുപോക്കുണ്ടാവും. ആരും അവിടെ ഹാപ്പിയല്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപി ഹിന്ദു പാർട്ടിയല്ല. എല്ലാ വിഭാഗത്തില്‍ പെട്ടവരുമുണ്ട്. ജമാഅത്തിനെ കൂട്ടുപിടിക്കുന്നവരാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നത് എന്നതാണ് തമാശയെന്നും പത്മജ പറഞ്ഞു.
തൃശൂരുകാർ ഇത്തവണ തന്നെ കൈവിടില്ലെന്ന് പത്മജ വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പദ്ധതികള്‍ നടപ്പാക്കാൻ പിതാവ് കരുണാകരൻ കാട്ടിയ ധൈര്യം തനിക്കുമുണ്ട്. ഇത്തവണ ബിജെപി തന്നോട് എവിടെ മത്സരിക്കണമെന്ന് ചോദിച്ചപ്പോള്‍ തൃശൂർ മതിയെന്ന് താൻ പറഞ്ഞു. അത്രയും തൃശൂരുകാരെ വിശ്വാസമാണ്. ജനങ്ങള്‍ തന്നെ തള്ളിക്കളയില്ലെന്നും പത്മജ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തന്നെ പിന്നില്‍ നിന്ന് കുത്തിയതു പോലെ കെ മുരളീധരനെയും കോണ്‍ഗ്രസുകാർ പിന്നില്‍ നിന്ന് കുത്തുമെന്ന് പത്മജ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് തൃശൂരിലെത്തുക. എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും.

















