തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിനെ തുടർന്നു ബിജെപിയില്‍ പൊട്ടിത്തെറി. മുൻ സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ- വി. മുരളീധരൻ ഗ്രൂപ്പിനെ നിഷ്പ്രഭമാക്കി രാജീവ് ചന്ദ്രശേഖരൻ സ്ഥാനാർഥിനിർണയത്തിലും മുന്നോട്ടു പോകുന്നുവെന്നാണ് പരാതി.

മുതിർന്ന നേതാക്കളെ സ്ഥാനാർഥിനിർണയത്തില്‍ തഴഞ്ഞു അപ്രമാദിത്വത്തോടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരൻ മുന്നോട്ടുപോകുന്നതിനെതിരേയാണ് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളെ ഒതുക്കി ഇവന്റ് മാനേജ്മെന്റ് സംവിധാനത്തെ കൂടെ കൂട്ടിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖരൻ എന്നാണ് നേതാക്കളുടെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടഞ്ഞ് മുതിർന്നവർ

കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ നേതാക്കള്‍ അസ്വസ്ഥരാണ്. ഇത്തവണ മല്സരിക്കാനില്ലെന്ന് എം.ടി. രമേശ് ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. തൃശൂരില് മല്സരിക്കാനായിരുന്നു എം.ടി രമേശിനു താത്പര്യം. അവിടെ പത്മജ സ്ഥാനാര്ഥിയായി. ആദ്യഘട്ടപട്ടികയില് എം.ടി. രമേശിന്റെ പേരുണ്ടായിരുന്നില്ല. ഒന്നാം നിര നേതാക്കള്‍ക്കു മാത്രമല്ല , രണ്ടാം നിര നേതാക്കള്‍ക്കും സീറ്റ് നിഷേധിച്ചുകൊണ്ടു ഘടകകക്ഷികള്‍ക്കു വാരിക്കോരി നല്‍കിയതാണ് പ്രശ്നമായിരിക്കുന്നത്. ആർഎസ്‌എസ് നേതൃത്വത്തിനും അഖിലേന്ത്യാതലത്തിലേക്കും ചിലർ പരാതികള്‍ നല്‍കിക്കഴിഞ്ഞു.

എ ക്ലാസില്‍ അമർഷം

ചെങ്ങന്നൂരില് എ.വി. ഗോപകുമാറിനെ സ്ഥാനാര്ഥിയാക്കിയതില് പ്രാദേശിക പാര്ട്ടി നേതാക്കളില് ചിലര് നേതൃത്വത്തിനെ പരാതി അറിയിച്ചു.എ ക്ലാസ് മണ്ഡലമായിട്ടും മികച്ച സ്ഥാനാര്ഥി ഇല്ലെന്നാണ് ചെങ്ങന്നൂരിലെ ഒരു വിഭാഗം ബിജെപി പ്രവര്ത്തകരുടെ പരാതി. പി. എസ്. ശ്രീധരന് പിളളയോ ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയോ സ്ഥാനാര്ഥിയാകുമെന്നു കരുതിയിരുന്ന പ്രവര്ത്തകരാണ് ഗോപകുമാറിന്റെ സ്ഥാനാർഥിത്വത്തില് പ്രതിഷേധമുയര്ത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില് ബ്ലോക്ക് പഞ്ചായത്തില് പോലും തോറ്റു പോയ ഗോപകുമാറിനെ നിയമസഭയില് മത്സരിപ്പിക്കുന്നതു സിപിഎമ്മുമായുളള അഡ്ജസ്റ്റ്മെന്റാണെന്ന വിമര്ശനം പോലും ഒരു വിഭാഗം ബിജെപി പ്രവര്ത്തകര്ക്കിടയില് ശക്തമാണ്.

കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പളളി സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ പാര്ട്ടിക്കെതിരെ കടുത്ത പരസ്യ പ്രതികരണം നടത്തിയ നോബിള് മാത്യുവിനെ ബിജെപിക്കു സസ്പെന്ഡ് ചെയ്യേണ്ടിവന്നു. കാഞ്ഞിരപ്പളളി സീറ്റ് പ്രതീക്ഷിച്ചിരുന്ന ന്യൂനപക്ഷ മോര്ച്ച നേതാവ് നോബിള് മാത്യുവാകട്ടെ കേന്ദ്രമന്ത്രി ജോര്ജ് കുര്യനെയാണ് കുറ്റപ്പെടുത്തുന്നത്. പ്രകാശ് ജാവദേക്കറടക്കം അനുനയത്തിന് ശ്രമിക്കുന്നതിനിടയില് ജോര്ജ് കുര്യന് ഇടപെട്ടാണ് തന്നെ പുറത്താക്കിയതെന്നാണ് അദ്ദേഹത്തിന്റെ പരാതി. നോബിള് കാഞ്ഞിരപ്പളളിയില് സ്വതന്ത്ര സ്ഥാനാര്ഥിയായി മല്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

കൊടുങ്ങല്ലൂർ കലഹം

ബിജെപിക്കു വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബിഡിജെഎസിനും നല്‍കുന്നതും പാർട്ടിക്കുള്ളില്‍ കലഹത്തിനു വഴിവച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശേരി തുടങ്ങിയ മണ്ഡലങ്ങള്‍ ഘടകകക്ഷികള്‍ക്കു നല്‍കുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. സുരേന്ദ്രൻപക്ഷ നേതാക്കള്‍ പ്രസിഡന്റുമാരായ ജില്ലകളില്‍ ഘടകകക്ഷികള്‍ക്കു വാരിക്കോരി സീറ്റ് നല്‍കിയതായി ആരോപണമുയർന്നിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന റാന്നി മണ്ഡലം ട്വന്റി ട്വന്റിക്കു നല്‍കി, ക്രൈസ്തവ വിഭാഗക്കാരനെ സ്ഥാനാർഥിയാക്കിയത് ആർഎസ്‌എസ് പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചു. ആറന്മുളയിലോ റാന്നിയിലോ കുമ്മനത്തെ മത്സരിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം.ഈഴവവിഭാഗത്തിനു സ്വാധീനമുള്ള കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റിയുടെ ക്രൈസ്തവ സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിലും ആർഎസ്‌എസിന് അമർഷമുണ്ട്. ഗുരുവായൂരില്‍ ബിജെപിയില്‍ തർക്കം പരസ്യമായ പൊട്ടിത്തെറിയിലെത്തി. സീറ്റ് തർക്കത്തെത്തുടർന്ന് ജില്ലാ കമ്മിറ്റിയംഗം കെ.കെ. സുമേഷ് കുമാർ പാർട്ടി വിട്ടു.

പി.സി. ജോർജിനു പൂഞ്ഞാറിലും മകൻ ഷോണ്‍ ജോർജിനു പാലായിലും സീറ്റ് നല്‍കിയതില്‍ ചില മണ്ഡലം ഭാരവാഹികള്‍ നേതൃത്വത്തെ എതിർപ്പറിയിച്ചു. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരെ മാത്രം തിരുകിക്കയറ്റിയാണ് സ്ഥാനാർഥിപ്പട്ടിക നിശ്ചയിച്ചതെന്നാണ് വിമർശം. മുൻകാലങ്ങളില്‍പോലെ ബിജെപിയിലെ ഗ്രൂപ്പുകളി ശക്തമായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക