പാലാ നിയോജക മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി ആഗസ്റ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് കൃത്യമായ കണക്കുകൂട്ടലോടെ തന്നെ എന്ന് സൂചന. ഇത്തരം ഒരു പ്രസ്താവന നടത്തുവാൻ സ്വന്തം തട്ടകമായ ഇടുക്കി ജില്ല തന്നെ റോഷി തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങൾ താൻ പറയുന്നത് കൃത്യമായി കവർ ചെയ്യുമെന്ന് ഉറപ്പുവരുത്താനാണ് ഇടുക്കിയിൽ വച്ച് തന്നെ റോഷി ഇത്തരം ഒരു വിവാദ പ്രസ്താവന നടത്തിയത് എന്ന് മാണി ഗ്രൂപ്പിൽ തന്നെ ഒരു വിഭാഗം കണക്കുകൂട്ടുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനു മുമ്പേ തന്നെ തന്നെ സ്വയം സ്ഥാനാർത്ഥിയായി ചിത്രീകരിച്ചുകൊണ്ട് നിഷ നിരവധി ദിവസങ്ങളായി ഭവന സന്ദർശനങ്ങൾ നടത്തിവരികയാണ്. നിഷയെ കൂടാതെ ജോസിന്റെ മകൻ കുഞ്ഞു മാണിയും സമാന പ്രചാരണങ്ങളുമായി ഭവന സന്ദർശനങ്ങൾ നടത്തുന്നുണ്ട്. ജോസ് മത്സരിക്കാത്ത സാഹചര്യത്തിൽ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിത്വം വേണമെന്ന് ഭാര്യയും മകനും നിർബന്ധം പിടിക്കുന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നവരും ഉണ്ട്.
പാലായിൽ നിഷ ജോസിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പ്രവർത്തകർ തന്നെ മുന്നറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇതിനുള്ള സാധ്യതകൾ അടച്ചുകൊണ്ട് റോഷി അഗസ്റ്റിന്റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ പ്രസ്താവന ഉണ്ടായതെന്നാണ് വിവരം. സിപിഎമ്മിലെ പ്രബല വിഭാഗവും റോഷിയുടെ ഈ നിലപാടിനോട് യോജിക്കുന്നുവെന്നും സൂചനയുണ്ട്. സിപിഎമ്മിൽ ഇപ്പോൾ ജോസ് കെ മാണിയേക്കാൾ താല്പര്യം റോഷിയോടാണ്. പാലായിൽ നിന്ന് ഒരിക്കൽ കൂടി മത്സരിച്ച് ജോസ് പരാജയപ്പെട്ടാൽ മാണി ഗ്രൂപ്പിനുള്ളിലെ റോഷിയുടെ ശക്തി വർദ്ധിക്കുകയും ചെയ്യും..

















