നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയില്‍ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലില്‍ നല്‍കിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.ആർഎസ്പി നേതാവ് സന്തോഷ് ഭദ്രൻ ആണ് ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയുടെ വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സന്തോഷ് ഭദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.മുന്നണി ധാരണ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പില്‍ ആർഎസ്പിയുടേതാണ് ആറ്റിങ്ങല്‍ സീറ്റ്. ഇവിടെ നമുക്കൊരു യുഡിഎഫ് എംഎല്‍എയുണ്ടാകണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സന്തോഷ് ഭദ്രനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ആരുടെയും കോട്ടയല്ലെന്ന് പറഞ്ഞ വി.ഡി.സതീശൻ ജനപിന്തുണയോടെ യുഡിഎഫ് നടത്തുന്ന തേരോട്ടത്തില്‍ ആ കോട്ട ഇടിഞ്ഞുവീഴുമെന്നും അഭിപ്രായപ്പെട്ടു.ഇവിടെ നമുക്കൊരു യുഡിഎഫ് എംഎല്‍എയുണ്ടാകണം. ആറ്റിങ്ങല്‍ ഗവ. കോളജ് യൂണിയൻ ചെയർമാനായിരുന്ന സന്തോഷ് തന്നെ അസൂയപ്പെടുത്തിയ മികച്ച പ്രാസംഗികനാണെന്നും സതീശൻ പറഞ്ഞു.
നിലവില്‍ സിപിഎമ്മിന്റെ ഒ.എസ്. അംബികയാണ് ആറ്റിങ്ങല്‍ എംഎല്‍എ. 2001ല്‍ വക്കം പുരുഷോത്തമൻ ആയിരുന്നു നിയമസഭയിലേക്കെത്തിയ അവസാനത്തെ യുഡിഎഫ് അംഗം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 36,398 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ആർഎസ്പി സ്ഥാനാർഥി എ. ശ്രീധരൻ.വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സന്തോഷ് ഭദ്രൻ ആറ്റിങ്ങല്‍ ഗവ. കോളജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു.

















