അമേരിക്ക-ഇസ്രായേല്‍ സഖ്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.ഇന്ന് പുലര്‍ച്ചെ ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തിലാണ് അലി ഖാംനഇ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ ഇറാനില്‍ ഭരണപരമായ പ്രതിസന്ധി നേരിട്ടിരുന്നു.
രാജ്യത്ത് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ ഒഴിവാക്കാനും ഭരണപരമായ തുടര്‍ച്ച ഉറപ്പാക്കാനാണ് മുതിര്‍ന്ന പുരോഹിതര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ഇറാന്റെ പരമോന്നത നേതാവിനെ നിശ്ചയിക്കുന്ന 88 അംഗ വിദഗ്ധ സമിതിയാണ് 56 വയസുകാരനായ മൊജ്തബയെ ഈ പദവിയിലേക്ക് ഉയര്‍ത്തിയത്. മുതിര്‍ന്ന പുരോഹിതര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ഇറാന്റെ സൈനിക, രാഷ്ട്രീയ, മത മേഖലകളിലെ ഏറ്റവും ഉയര്‍ന്ന അധികാരമാണ് ഇതോടെ മൊജ്തബ ഖമേനിയില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇറാന്റെ സായുധ സേനയുടെ കമാന്‍ഡര്‍ പദവിയും ഇനി അദ്ദേഹം വഹിക്കും. വര്‍ഷങ്ങളായി തന്റെ പിതാവിന്റെ നിഴലായി പ്രവര്‍ത്തിച്ചിരുന്ന മൊജ്തബയ്ക്ക് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സുമായി അടുത്ത ബന്ധമാണുള്ളത്. തന്റെ പിതാവ് അധികാരമേറ്റ സമയത്തേക്കാള്‍ ഉയര്‍ന്ന മതപദവിയായ ‘ആയത്തുള്ള’ പദവി മൊജ്തബയ്ക്ക് നിലവിലുണ്ട്. എങ്കിലും പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെടാത്ത വ്യക്തിയായതിനാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ലോകത്തിന് കൂടുതല്‍ അറിവില്ല. മൊജ്തബയുടെ നിയമാനത്തോടെ യുദ്ധം തുടരുമെന്ന സൂചനയാണ് ഇറാന്‍ നല്‍കുന്നത്.
മൊജ്തബയുടെ നിയമനം ഇറാനില്‍ പുതിയ ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുണ്ട്. 1979-ല്‍ രാജഭരണം അവസാനിപ്പിച്ച് നടന്ന ഇസ്ലാമിക വിപ്ലവത്തിന്റെ പ്രധാന ലക്ഷ്യം കുടുംബവാഴ്ച അവസാനിപ്പിക്കുക എന്നതായിരുന്നു. അതിനാല്‍ തന്നെ പിതാവിന് ശേഷം മകന്‍ അധികാരത്തില്‍ വരുന്നത് വിപ്ലവത്തിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഒരു വിഭാഗം കരുതുന്നു. നേരത്തെ അലി ഖാംനഇ തന്നെ തന്റെ മകന്‍ പിന്‍ഗാമിയാകുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിലവിലെ യുദ്ധസാഹചര്യത്തില്‍ രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ മൊജ്തബയെപ്പോലെ സൈനിക-സുരക്ഷാ കാര്യങ്ങളില്‍ അറിവുള്ള ഒരാള്‍ വേണമെന്ന പുരോഹിതന്മാരുടെയും വിപ്ലവ ഗാര്‍ഡുകളുടെയും നിലപാടാണ് തീരുമാനത്തിന് പിന്നില്‍.
യുദ്ധം രൂക്ഷമായി തുടരുന്നതിനിടയില്‍ നടന്ന ഈ നേതൃമാറ്റം അന്താരാഷ്ട്ര തലത്തിലും വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്. ഷിയാ മുസ്ലീങ്ങളുടെ പ്രധാന കേന്ദ്രമായ കോം നഗരത്തില്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നതിനിടയിലാണ് പുരോഹിതര്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ മികച്ച വൈഭവമുള്ള മൊജ്തബയ്ക്ക് സൈന്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ഈ അധികാര കൈമാറ്റം ഇറാന്‍ സമൂഹത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും വിഭജനങ്ങള്‍ക്കും കാരണമായേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

















